ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ഹൈദരാബാദിൽ പ്രൊജക്റ്റ് കെയുടെ ഷൂട്ടിങ്ങിനിടെയാണ് ബച്ചന് പരിക്കേറ്റത്. ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ തനിക്ക് പരിക്കേറ്റെന്ന വിവരം അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്.
പരിക്കേറ്റതിനെ തുടർന്ന് അമിതാഭ് ബച്ചൻ ഷൂട്ടിങ് മതിയാക്കി ഹൈദരാബാദിൽനിന്ന് മുംബൈയിലേക്ക് പോയി. ചികിത്സ തേടിയപ്പോൾ ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരുന്നു. ഇതോടെയാണ് അമിതാഭ് ബച്ചൻ ലൊക്കേഷനിൽനിന്ന് മടങ്ങിയത്
ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഷൂട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കാനാണ് തീരുമാനം. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. കൂടുതൽ സമയവും കിടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് വൈകുന്നേരം ജൽസ ഗേറ്റിൽ ആരാധകരെ കാണാൻ എനിക്ക് കഴിയില്ല.. അതിനാൽ വരരുത്.. വരാൻ ഉദ്ദേശിക്കുന്നവരെ പരമാവധി അറിയിക്കുക’ – ബച്ചൻ പറഞ്ഞു.