ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തിനായി പാർലമെന്റ് ഇന്നു വീണ്ടും സമ്മേളിക്കും. ഏപ്രിൽ ആറു വരെയാണു സമ്മേളനം. ധനബിൽ പാസാക്കുന്നതിലാണു സമ്മേളനത്തിന്റെ മുൻഗണനയെങ്കിലും സമകാലിക വിഷയങ്ങളുന്നയിച്ചു പ്രതിപക്ഷം സർക്കാരിനെതിരേ രംഗത്തെത്തും. രാഷ്ട്രീയ എതിരാളികൾക്കെതിരേ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന ആരോപണവും അദാനി ഗ്രൂപ്പിന്റെ തകർച്ചയും പ്രതിപക്ഷം സഭയിലുന്നയിക്കും.
ഇരുസഭകളിലും സ്വീകരിക്കേണ്ട പൊതു നിലപാട് രൂപീകരിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഇന്നു രാവിലെ യോഗം ചേരുന്നുണ്ട്. അദാനി- ഹിൻഡൻബെർഗ് വിവാദത്തിൽ സർക്കാർ മറുപടി പറയേണ്ടതുണ്ടെന്നു കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണത്തിനു സംയുക്ത പാർലമെന്ററി സമിതിയെ നിയോഗിക്കണമെന്ന ആവശ്യത്തിൽ നിന്നു പിന്നോട്ടില്ലെന്നും അദ്ദേഹം.
സിബിഐയെയും ഇഡിയെയും രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. മനീഷ് സിസോദിയയ്ക്കെതിരായ സിബിഐ, ഇഡി നടപടികൾ എഎപിയെയും കെ. കവിതയ്ക്കെതിരായ നടപടി ബിആർഎസിനെയും ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരായ നടപടികൾ ആർജെഡിയെയും ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേയാണു കോൺഗ്രസ് നേതാക്കൾക്കെതിരായ അന്വേഷണങ്ങൾ. കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം പ്രതിപക്ഷം സഭയിലുയർത്തും.