കുവൈറ്റ് ഇന്ത്യക്കുള്ള എണ്ണ വിതരണം കുറയ്ക്കും: എണ്ണ വില ഉയരും

0
23

കുവൈറ്റ് ഇന്ത്യ ഉൾപ്പടെ ചില ഏഷ്യന്‍ റിഫൈനറികള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിതരണം വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ. റിഫൈനിംഗ് സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പ്രകാരം, ഈ വർഷാവസാനം മുതൽ അൽ സൂർ റിഫൈനറിയിൽ പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്.

ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ വാർഷിക കരാറുകൾ പ്രകാരം കുവൈറ്റ് എക്‌സ്‌പോർട്ട് ബ്ലെൻഡ് ക്രൂഡ് വിതരണം കുറച്ചേക്കുമെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷന്‍ (കെ പി സി) തങ്ങളുടെ ഇടപാടുകാരെ അറിയിച്ചുവെന്നാണ് രണ്ട് ഇന്ത്യൻ റിഫൈനർമാരുടെയും ഒരു ജാപ്പനീസ് റിഫൈനറുടെയും വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയത്.

ഏപ്രിൽ മുതൽ കുറഞ്ഞ എണ്ണ എടുക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് തങ്ങളുടെ സ്ഥാപനത്തെ സമീപിച്ചിട്ടുണ്ടെന്ന് രണ്ടാമത്തെ ഇന്ത്യൻ റിഫൈനിംഗ് സ്രോതസ്സും വ്യക്തമാക്കി.

കുവൈത്തിൽ നിന്നുള്ള എണ്ണ വിതരണം കുറയുന്നത് ഏഷ്യയിലേക്കുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ എണ്ണ വിതരണത്തെ പ്രതികൂലമായി ബാധിക്കും ഇതിലൂടെ രാജ്യാന്തര വിപണിയിലെ എണ്ണ വില വർധനവിന് കാരണമാവുമെന്നുമാണ് നിരീക്ഷണം.