യുപിഐ സംവിധാനമൊരുക്കി ഖത്തര്‍. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ പ്രവാസികള്‍ക്ക് ഇനി നാട്ടിലേക്ക് വേഗത്തില്‍ പണമയക്കാമെന്നതാണ് പ്രത്യേകത. ഖത്തറിന്റെ കൊമേഴ്സ്യല്‍ ബാങ്കിലാണ് യുപിഐ സംവിധാനം ഉപയോഗിച്ച് പണമയക്കാനുള്ള സൗകര്യം ആദ്യം നിലവില്‍ വരുന്നത്. ഇന്ത്യയുടെ യുണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ്ഡ് (യുപിഐ) സൗകര്യമാണ് ഖത്തറിന്റെ കൊമേഴ്സ്യല്‍ ബാങ്കിലൂടെ ലഭ്യമാകുന്നത്. ഖത്തറില്‍ യുപിഐ സൗകര്യം ഏര്‍പ്പെടുത്തുന്ന ആദ്യ ബാങ്കാണ് കൊമേഴ്സ്യല്‍ ബാങ്ക്.
അതിവേഗത്തില്‍ പണമിടപാടുകള്‍ പൂര്‍ത്തീകരിക്കാമെന്നതാണ് യുപിഐ സംവിധാനത്തിന്റെ പ്രത്യേകത. പണമിടപാട് പൂര്‍ത്തീകരിക്കുന്നതിന് വെറും അറുപത് നിമിഷത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാകും. യുപിഐ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സ്വീകര്‍ത്താവിന്റെ ഐഎഫ്എസ്സി കോഡ് ഉള്‍പ്പടെയുള്ള അക്കൗണ്ട് വിവരങ്ങള്‍ ആവശ്യമില്ലെന്നതാണ് മറ്റൊരു സവിശേഷത. യുപിഐ ഐഡി ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ്. ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ പ്രവേശിച്ച് യുപിഐ ഐഡി ക്രിയേറ്റ് ചെയ്യണം. തുടര്‍ന്ന് ഉപഭോക്താവിന് ഇരുപത്തിനാലുമണിക്കൂറിനുള്ളില്‍ യുപിഐ പെയ്മെന്റ് സംവിധാനം ഉപയോഗിക്കാം.