കുവൈറ്റ് സിറ്റി: ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ, ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ്റെ പകർപ്പ് കത്തിച്ചതിനെ കുവൈറ്റ് അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഖുറാൻ്റെ പകർപ്പിനൊപ്പം തുർക്കി പതാകയും ചിലർ ചേർന്ന് അഗ്നിക്കിരയാക്കിയിരുന്നു. മുസ്‌ലിംകളുടെ വിശുദ്ധ മാസമായ റമദാനിൽ നടന്ന ഈ പ്രകോപനപരമായ പ്രവൃത്തി ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ രോഷത്തിന് കാരണമാകുമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
ഇത്തരം പ്രവൃത്തികളിൽ കുറ്റവാളികളെ കണ്ടെത്തി നടപടി എടുക്കണം എന്നും, അഭിപ്രായ സ്വാതന്ത്ര്യം ഇസ്ലാമിനെയോ മറ്റേതെങ്കിലും മതത്തെയോ വ്രണപ്പെടുത്താൻ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ലോകത്തിലെ എല്ലാ ജനങ്ങൾക്കിടയിലും സഹിഷ്ണുതയുടെയും സമാധാനപരമായ സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പ്രസ്താവനയിൽ എടുത്ത് പറഞ്ഞു.