മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കുടുംബ കല്ലറയിലാണ് മലയാളത്തിന്റെ പ്രിയ നടന്റെ അന്ത്യ വിശ്രമം. പ്രത്യേകം സജ്ജീകരിച്ച തുറന്ന വാഹനത്തിൽ വിലാപയാത്രയോടെയാണ് അദ്ദേഹത്തിന്റെ ഭൗതിക ശരീരം പള്ളിയിലേക്കെത്തിച്ചത്. മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ, അഭിനേതാക്കളായ ടൊവിനോ തോമസ്, ജോജു ജോർജ്, ഇടവേള ബാബു, തുടങ്ങിയവരും വിലാപയാത്രയിൽ പങ്കുചേർന്നു. നടന് അന്ത്യോപചാരം അർപ്പിക്കാൻ നൂറ് കണക്കിന് ജനങ്ങളാണ് ഒത്തുകൂടിയത്.ഞായറാഴ്ച രാത്രി പത്തരയ്ക്കായിരുന്നു അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടര്‍ന്നുള്ള ശ്വസകോശ സംബന്ധമായ അസുഖങ്ങളും പല അവയവങ്ങളും പ്രവര്‍ത്തനക്ഷമമല്ലാതായതും ഹൃദയാഘാതവുമായിരുന്നു മരണ കാരണം.