കുവൈറ്റ് സിറ്റി കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് നിർത്താനുള്ള ഫിലിപ്പീൻസ് സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് രാജ്യത്ത് ഗാർഹിക തൊഴിലാളി ക്ഷാമം അടുത്ത രണ്ട് മാസത്തിനുള്ളിൽ വർദ്ധിച്ചേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഫിലിപ്പിനോ ഗാർഹിക തൊഴിലാളികള്‍ക്കാണ് ഈ മേഖലയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ളത് എന്നതിനാല്‍ കുവൈറ്റിലെ ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസുകളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
നിലവിൽ തൊഴിലാളികള്‍ എത്താത്തതിന്‍റെ പ്രതിസന്ധി പൗരന്മാർ ഇതുവരെ അനുഭവിച്ചിട്ടില്ല. എന്നാല്‍, അടുത്ത രണ്ട് മാസത്തിനുള്ളിൽ സ്ഥിതി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈത്ത് യൂണിയൻ ഫോർ ഡൊമസ്റ്റിക് റിക്രൂട്ട്‌മെന്റ് മേധാവി ഖാലിദ് അൽ ദഖ്‌നാൻ പറഞ്ഞു. നിലവിൽ ഭൂരിഭാഗം ഓഫീസുകളും ശ്രീലങ്കൻ തൊഴിലാളികളെ മാത്രമാണ് ആശ്രയിക്കുന്നത് എന്നാല്‍ ആവശ്യങ്ങള്‍ക്ക് പര്യാപ്തമായ എണ്ണമില്ല എന്ന് മാത്രമല്ല കുവൈത്ത് കുടുംബങ്ങള്‍ ആവശ്യപ്പെടുന്ന പ്രായ പരിധിക്ക് അനുയോജ്യമായവർ കുറവാണെന്നും അൽ ദഖ്നാൻ വിശദീകരിച്ചു. അതായത്, ഓഫീസുകളിൽ ലഭ്യമായ അപേക്ഷകളിൽ ഭൂരിഭാഗവും 45 വയസും അതിനുമുകളിലും പ്രായമുള്ളവരാണ് എന്നും അദ്ദേഹം പറഞ്ഞു.