കുവൈറ്റ് സിറ്റി: ഈ വർഷത്തെ നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ ജിലീബിലെ ഇന്ത്യൻ എജ്യുക്കേഷൻ സ്‌കൂളിൽ (ഭാരതീയ വിദ്യാഭവൻ) മെയ് 7 ഞായറാഴ്ച രാവിലെ 11:30 മുതൽ നടക്കും. വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നായി അഞ്ഞൂറിലധികം കുട്ടികളാണ് ഈ വർഷം കുവൈറ്റിൽ പരീക്ഷ എഴുതുന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) വിദ്യാർത്ഥികൾക്ക് പരീക്ഷാ വേളയിൽ പാലിക്കേണ്ട വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിടുണ്ട്.
കുവൈറ്റ് സമയം 11:30 മുതൽ 02:50 വരെയാണ് പരീക്ഷ. NTA നൽകുന്ന ബ്ലാക്ക് ബോൾ പോയിന്റ് പേന ഉപയോഗിച്ച് OMR ഷീറ്റിൽ ഉത്തരം നൽകണം. ഉദ്യോഗാർത്ഥികൾ അതത് അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന സമയം അനുസരിച്ച് റിപ്പോർട്ട് ചെയ്യണം. അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിരിക്കുന്ന സമയം ഇന്ത്യൻ സ്റ്റാൻഡേർഡ് സമയമാകാമെന്നത് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്, അതിനാൽ ഇത് കുവൈറ്റിലെ പ്രാദേശിക സമയത്തേക്ക് മാറ്റണം. രാവിലെ 10.45 ന് ശേഷം ഒരു ഉദ്യോഗാർത്ഥിയെയും പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കാൻ അനുവദിക്കില്ല(കുവൈത്ത് സമയം). അതിനാൽ, ട്രാഫിക്, പരീക്ഷ കേന്ദ്രത്തിൻ്റെ സ്ഥാനം, കാലാവസ്ഥ മുതലായ ഒന്നിലധികം ഘടകങ്ങൾ കണക്കിലെടുത്ത് ഉദ്യോഗാർത്ഥികളോട് വളരെ നേരത്തെ തന്നെ പരീക്ഷാ കേന്ദ്രത്തിലേക്ക് പുറപ്പെടാൻ നിർദ്ദേശിച്ചിടുണ്ട്.