കുവൈറ്റ് സിറ്റി: പ്രമുഖ റീട്ടെയ്‌ൽ സ്ഥാപനമായ ലുലു ഹൈപ്പർ മാർക്കറ്റിൻ്റെ 12-ാ മത് ഔട്ട്‌ലെറ്റ് കുവൈറ്റിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. സ്‌റ്റോറിന്റെ ഔദ്യോഗിക ഉദ്ഘാടനം ഖിറാൻ ഔട്ട്‌ലെറ്റ് മാളിൽ തംദീൻ ഗ്രൂപ്പ് വൈസ് ചെയർമാൻ അബ്ദുൾ വഹാബ് അൽ മർസൂഖ് നിർവഹിച്ചു. കുവൈറ്റിലെ യുഎഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദിയുടെയും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലിയുടെയും മറ്റ് പ്രമുഖരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഉത്ഘാടനം.
ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക, ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ, നിരവധി നയതന്ത്ര പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, മറ്റ് പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
35,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഔട്ട്‌ലെറ്റിൽ പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, ഭക്ഷ്യേതര ഇനങ്ങൾ, ആരോഗ്യ സൗന്ദര്യ ഉൽപന്നങ്ങൾ, മാംസ ഉത്പന്നങ്ങൾ, സമുദ്രവിഭവങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം പ്രാദേശിക കാർഷിക ഉൽപന്നങ്ങൾക്കായി പ്രത്യേക മേഖല ഒരുക്കിയിട്ടുണ്ട്.
സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവത്തിനായി സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകളും ഫ്രഷ് ജ്യൂസ് സ്റ്റേഷന് വേണ്ടി പ്രത്യേക ഏരിയയും സ്റ്റോറിന്റെ ശ്രദ്ധേയമായ ഹൈലൈറ്റുകളിൽ ഒന്നാണ്. ഇതുകൂടാതെ, ഷോപ്പർമാർക്ക് വീട്ടുപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പാർട്ടി സപ്ലൈകൾ, സീസണൽ ഉൽപ്പന്നങ്ങൾ, ഔട്ട്ഡോർ അവശ്യവസ്തുക്കൾ എന്നിവയുടെ വിപുലമായ വൈവിധ്യമാർന്ന ശ്രേണി ഉണ്ട്.
ചടങ്ങിൽ ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാല, എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എംഎ, ലുലു കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കുവൈറ്റ് റീജിയണൽ ഡയറക്ടർ ശ്രീജിത്ത് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.