ഇൻഡ്യ ഇന്റർനാഷണൽ സ്കൂൾ “ഇന്നർ വീൽ”

0
18

കുവൈറ്റ് സിറ്റി: അമ്മമാരുടെ മടിത്തട്ടാണല്ലോ ആദ്യ വിദ്യാലയം. മാതൃത്വത്തിന്റെ മഹിതമായ ആശയം ദിനേന കൈമോശം വന്നു കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ അമ്മമാർക്ക് അവരുടെ ആശയസംവാദത്തിനും മാനസികോല്ലാസത്തിനുമായി ഇൻഡ്യ ഇന്റർനാഷണൽ സ്കൂൾ അമ്മമാർക്കായി ഒരു വേദിയൊരുക്കുന്നു.
ഈ വേദിയിൽ ഇൻഡ്യ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളുടെ അമ്മമാരാണ് പ്രയോജകർ. പുതിയ തലമുറ നേരിടുന്ന പ്രശ്നങ്ങൾ എങ്ങിനെ കൈകാര്യം ചെയ്യാം; തുടങ്ങിയ തങ്ങളുടെ സങ്കീർണവും മാനസികവുമായ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം എന്നതെല്ലാം ഈ വേദിയിൽ ചർച്ചാ വിഷയമാവും അത്കൊണ്ട് തന്നെ അമ്മമാരുടെ ഈ സംഘശക്തിക്ക് “ഇന്നർ വീൽ” എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഇന്നർ വീലിന്റെ പ്രാരംഭ സംഗമം ഇൻഡ്യ ഇന്റർനാഷണൽ സ്കൂളിൽ നടന്നു.
സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ കൂട്ടായ്മയുടെ കൺവീനർ റീജ സന്തോഷ് സ്വാഗത പ്രസംഗം നടത്തിയതോടൊപ്പം ‘ഇന്നർവീലി’ന്റെ ഭാവി പരിപാടികളും അവതരിപ്പിച്ചു. തുടർന്ന് അമ്മമാരും, അധ്യാപികമാരും അവതരിപ്പിച്ച വിവിധയിനം കലാപരിപാടികൾ അരങ്ങേറി. സ്കൂൾ പ്രിൻസിപ്പാൾ കെ വി ഇന്ദുലേഖ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വർത്തമാനകാല സംഭവ വികാസങ്ങളെ ആസ്പദമാക്കി അമ്മമാർക്ക് പ്രത്യേക ബോധവത്കരണ ക്ലാസ് സ്കൂളിലെ കൗൺസിലർമാർ നടത്തി. ജോയൻറ് കൺവീനർമാരായ ഹഫീസ ഷാഹിദ് പരിപാടികൾ നിയന്ത്രിച്ചപ്പോൾ ധന്യ അനീഷ് നന്ദി രേഖപ്പെടുത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോഡിനേറ്റർമാരായ നാജിയ ഖാദർ, പ്രേമ ബാലസുബ്രമണിയൻ എന്നിവർ സന്നിഹിതരായിരുന്നു.