തിരുവനന്തപുരത്ത് കേരള മെഡിക്കൽ കോർപ്പറേഷൻ ഗോഡൗണിൽ തീപിടിത്തം; രക്ഷാപ്രവർത്തനത്തിനിടെ ഫയർ ഓഫീസർ മരിച്ചു

0
25

കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനു തീപിടിച്ചു. തിരുവനന്തപുരം തുമ്പ കിൻഫ്രയിലെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനാംഗം മരണപ്പെട്ടു. ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരണപ്പെട്ടത്. തീയണക്കുന്നതിനിടെ താബൂക്ക് കെട്ടിയ ഉയരം കൂടിയ ചുമരിലെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞ് രഞ്ജിത്തിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. വിവിധ അഗ്നിരക്ഷാ യൂണിറ്റുകളിൽനിന്ന് എത്തിയ സേനാംഗങ്ങൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

പുലർച്ചെ 1.30 ഓടെയാണ് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറിയുണ്ടായത്. ഈ സമയം സെക്യൂരിറ്റി മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബ്ലീച്ചിംഗ് പൗഡറിനാണ് തീപിടിച്ചതെന്നാണ് പ്രാഥമിക വിവരം. മരുന്നുകൾ മറ്റൊരു കെട്ടിടത്തിലായിരുന്നു. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു.