ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കുഞ്ഞ് മരിച്ചു

0
22

ഷാർജ: അൽ മജാസ് മേഖലയിൽ കെട്ടിടത്തിന്റെ എട്ടാം നിലയിൽ നിന്ന് വീണ് 13 മാസം പ്രായമായ സ്വദേശി കുഞ്ഞിന് ദാരുണാന്ത്യം. ജനാലയ്ക്ക് സമീപമുള്ള കസേരയിൽ കയറിയ കുഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് പൊലീസ്  നിഗമനം. മാതപിതാക്കളുടെ അനാസ്ഥയാണ് സംഭവത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.‌

ജനാല തുറന്നു കിടക്കുന്നത് കണ്ടാണ് കുഞ്ഞ് മുറിയിലില്ലെന്ന് അമ്മ തിരിച്ചറിയുന്നത്. ജനൽ വഴി താഴേക്ക് നോക്കിയപ്പോൾ ചലനമറ്റ നിലയിൽ കുഞ്ഞ് താഴെ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് കുട്ടിയുടെ മാതാപിതാക്കളോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളെ തനിച്ചാക്കരുതെന്നും എല്ലായ്പ്പോഴും അവരിൽ ഒരു ശ്രദ്ധ വേണമെന്നും  ഷാർജ പൊലീസ് പലപ്പോഴും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടം വരുത്തി വയ്ക്കുന്ന വസ്തുക്കൾ കുഞ്ഞുങ്ങളുടെ കയ്യെത്തും ദൂരത്ത് വയ്ക്കരുതെന്നും കർശന നിര്‍ദേശങ്ങൾ നൽകിയിട്ടുണ്ട്. ബാൽക്കണിയിൽ നിന്നും ജനാലകളിൽ നിന്നും വീണ് കുട്ടികൾ മരിക്കുന്നതോ അല്ലെങ്കിൽ പരിക്കേല്‍ക്കുന്നതുമായ സംഭവങ്ങൾ‌ യുഎഇയിൽ നിരവധിയാണ്. ആ സാഹചര്യത്തില്‍ അപകടങ്ങൾ ഒഴിവാക്കാൻ കർശന നിർദേശങ്ങളാണ് അധികൃതർ നൽകുന്നത്. ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ വേണ്ടത്ര മുൻ കരുതലുകൾ സ്വീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

വാടകയ്ക്ക് കൊടുക്കുന്ന കെട്ടിടത്തിന്റെ ഉടമകളും ഇക്കാര്യങ്ങളിൽ ശ്രദ്ധ നൽകണമെന്ന് അധികൃതർ അറിയിച്ചിട്ടുള്ളതാണ്