കന്യാകുമാരിയിലോ കോയമ്പത്തൂരിലോ മോദി മത്സരിച്ചേക്കും എന്ന് സൂചന

0
62

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽ നിന്നും മത്സരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ തവണ മത്സരിച്ച ഉത്തർപ്രദേശിലെ വാരാണസിക്കു പുറമേയാണ് തമിഴ്നാട്ടിലെ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനൊരുങ്ങുന്നത്.

കന്യാകുമാരിയിൽ നിന്ന് മത്സരിക്കുമെന്നാണ് വിവരം. ഇതിനു പുറമേ കോയമ്പത്തൂരും പരിഗണനയിലുണ്ട്. ബിജെപിക്ക് താരതമ്യേന ശക്തിയുള്ള മണ്ഡലമാണ് കന്യാകുമാരി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 4,38,087 വോട്ട് നേടിയിരുന്നു. കോയമ്പത്തൂരിലാകട്ടെ ബിജെപിക്ക് സ്വന്തമായി ഒരു എംഎൽഎ കൂടി ഉണ്ട്. ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സാധ്യതകൾ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങളാണ് ഇതിനു പിന്നിൽ.

അതേസമയം, മോദി തമിഴ്‌നാട്ടിൽ നിന്നും മത്സരിച്ചാൽ അത്ഭുതപ്പെടാനില്ല. ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹത്തിന്‍റെ കാശി-തമിഴ് സംഗമ സംരംഭം തമിഴ്‌നാട്ടുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിച്ചിട്ടുണ്ടെന്ന് മുതിർന്ന രാഷ്ട്രീയ നിരീക്ഷകൻ പി കെ ഡി നമ്പ്യാർ അഭിപ്രായപ്പെട്ടു. മോദി കന്യാകുമാരിയിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ, കാശിയും കന്യാകുമാരിയും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധം പ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു