പ്രധാനമന്ത്രിക്ക് ഫ്രാൻസിന്‍റെ പരമോന്നത പുരസ്കാരം സമ്മാനിച്ച് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ. ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയാണ് നരേന്ദ്ര മോദി.
പ്രധാനമന്ത്രിക്കായി സ്വകാര വിരുന്നൊരുക്കിയ എൽസി പാലസിൽ വച്ചായിരുന്നു പുരസ്കാരം നൽകിയത്. ഇന്ത്യൻ ജനതയുടെ പേരിൽ മോദി ഫ്രഞ്ച് പ്രസിഡന്‍റിനു നന്ദി രേഖപ്പെടുത്തി. ഇന്ത്യ – ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികം അടയാളപ്പെടുത്തുന്ന വർഷമാണിത്. പ്രധാനമന്ത്രിയുടെ സന്ദർശനം തന്ത്രപരവും സാംസ്കാരികവും ശാസ്ത്രപരവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ സഹകരണം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ഭാവിയിലേക്കുള്ള പങ്കാളിത്തത്തിന്റെ ഗതി രൂപപ്പെടുത്താൻ അവസരമൊരുക്കും.