കല കുവൈറ്റിന്റെ കാരുണ്യ സ്പർശം; വിവിധ ജില്ലകളിലായി നാല്‌ അംഗങ്ങൾക്ക് വീടൊരുക്കുന്നു ..

0
33
കുവൈറ്റ് സിറ്റി ; കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് നാല്പത്തഞ്ചാമത് വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിലെ വിവിധ ജില്ലകളിലായി നാല്‌ അംഗങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകാൻ തീരുമാനിച്ചതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു . കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് ഭവന മാതൃകയിൽ ഭവന രഹിതരോ, വാസയോഗ്യമായ വീടോ ഇല്ലാത്ത നാല്‌ അംഗങ്ങൾക്കാണ് വീടുകൾ നിർമ്മിച്ച് നൽകുന്നത്.
കഴിഞ്ഞ നാല്പത്തഞ്ച് വർഷമായി കുവൈറ്റിലെ മലയാളി പ്രവാസി സമൂഹത്തിന്റെ മുഖമായി പ്രവർത്തിച്ചുവരുന്ന കല കുവൈറ്റ് 96 ൽ അധികം യൂണിറ്റുകളും പതിമൂവായിരത്തിലധികം അംഗങ്ങളുമായി സാംസ്കാരിക സാമൂഹിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തി വരുന്നത് .
സൗജന്യ മാതൃഭാഷാ പഠനപദ്ധതി, കാർഷിക അഭിരുചികളെ പ്രോത്സാഹിപ്പിക്കാൻ “എന്റെ കൃഷി”, ഇന്ത്യക്കാരായ കുട്ടികൾക്കായി ശാസ്ത്രമേള, കലാ-കായിക-സാഹിത്യ പ്രവർത്തനങ്ങൾ, ക്ഷേമനിധി,
മെഡിക്കൽ ക്യാംപുകൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ,
കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കല ട്രസ്റ്റ് എന്നിങ്ങനെ നിരവധിയായ പ്രവർത്തനങ്ങൾക്കൊപ്പം കല കുവൈറ്റിന്റെ മറ്റൊരു കാൽവയ്പ്പാണ് ഭവന നിർമാണ പദ്ധതിയെന്ന് ആക്ടിങ് പ്രസിഡന്റ് സജി തോമസ് മാത്യു, ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു