റസിഡൻസി പുതുക്കൽ ഫീസ് ജനുവരി മുതൽ വർദ്ധിപ്പിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്

0
16

കുവൈറ്റ് സിറ്റി: താമസാനുമതി പുതുക്കുന്നതിനുള്ള ഫീസ് അടുത്ത വർഷം ആദ്യം മുതൽ ഉയർത്തുന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. നിലവിലെ തുകയുടെ മൂന്നിരട്ടിയാണ് ഫീസ് വർധനവ് പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച അന്തിമ റിപ്പോർട്ട് പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ അംഗീകാരത്തിനായി സമർപ്പിക്കും .

ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്  ഇത് നേരത്തെ  പരിഗണനയിലുണ്ടായിരുന്നെങ്കിലും  പല തവണ മാറ്റിവയ്ക്കുകയായിരുന്നു.  നിലവിൽ അയൽ രാജ്യങ്ങളിൽ ഈടാക്കുന്ന ഫീസിന് അനുസൃതമായി കുവൈറ്റിലും നിരക്ക് വർധന  നടപ്പിലാക്കേണ്ടത് അത്യാവശ്യമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കിയതായാണ് വാർത്തകളിൽ പറയുന്നത്.

നാഷണൽ ഗാർഡ് വർക്കേഴ്സ്, പ്രവാസി സൈനിക ഉദ്യോഗസ്ഥർ, പ്രതിരോധ മന്ത്രാലയത്തിലോ ആഭ്യന്തര മന്ത്രാലയത്തിലോ ജോലി ചെയ്യുന്ന താമസക്കാർ, ജിസിസി പൗരന്മാർ, കുവൈറ്റ് വനിതകളുടെ വിദേശ കുട്ടികൾ എന്നിവരടക്കമുള്ള ചില വിഭാഗങ്ങളെ ഈ വർദ്ധനവിൽ നിന്ന് ഒഴിവാക്കുമെന്ന്  മാധ്യമ റിപ്പോർട്ടുകളിൽ സൂചനയുണ്ട്. ആർട്ടിക്കിൾ 14 (താൽക്കാലികം), സർക്കാർ ജീവനക്കാർക്കും ഡോക്ടർമാർക്കുമുള്ള അധ്യാപകർക്കും ആർട്ടിക്കിൾ 17, സ്വകാര്യ മേഖലയ്ക്കുള്ള ആർട്ടിlക്കിൾ 18, വീട്ടുജോലിക്കാർക്കുള്ള ആർട്ടിക്കിൾ 20,  ഫാമിലി വിസ എന്നിവയുൾപ്പെടെ എല്ലാത്തരം റസിഡൻസികൾക്കും ഫീസ് വർധന ബാധകമാകുമെന്നും അതിൽ പറയുന്നു.  കുവൈറ്റിലെ സർവ്വകലാശാലകളിലും സ്കൂളുകളിലും പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കുള്ള ആർട്ടിക്കിൾ 23  സ്കൂൾ റസിഡൻസിയും ഇതിൽ ഉൾപ്പെടും