ആലുവയിൽ അന്യസംസ്ഥാന തൊഴിലാളി കുടുംബത്തിലെ എട്ടുവയസുകാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കസ്റ്റഡിയില്‍. ആലുവയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ഇയാൾക്കെതിരെ എറണാകുളത്ത് മാത്രം 10 കേസുകളുണ്ടെന്നാണ് വിവരം. 2022ല്‍ പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസില്‍ ഇയാള്‍ പ്രതിയാണ്. പിടിയിലായ ക്രിസ്റ്റിലിന്‍റെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പോലീസിനോട് ആദ്യം ഇയാള്‍ പറഞ്ഞ സതീഷ് എന്ന പേര് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
ആലുവ ചാത്തൻപുറത്ത് പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കൾ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ പിന്നീട് സമീപത്തെ പാടത്ത് നിന്നും നാട്ടുകാരുടെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തുകയായിരുന്നു.