കുവൈത്ത് സിറ്റി വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട ഭേദഗതി ബില്‍ ചർച്ച ചെയ്യാന്‍ പാർലമെന്‍റ് ആഭ്യന്തര, പ്രതിരോധ കാര്യ സമിതികള്‍ ഇന്ന് ഞായറാഴ്ച യോഗം ചേരും എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. മനുഷ്യക്കടത്തിലൂടെ പ്രവാസികളെ കൊണ്ടു വരുന്നവർക്ക് മൂന്ന് വർഷം തടവും 5000 മുതല്‍ 10000 വരെ പിഴയും ചുമത്തണമെന്ന് ബില്ലില്‍ നിർദേശമുണ്ട്.
കുവൈത്തിന്‍റെ പൊതുതാത്പര്യം സംരക്ഷിക്കുന്നതിനോ, ധാർമികമോ സുരക്ഷാപരമായ കാരണങ്ങളാലോ ഒരു പ്രവാസിയെ നാടുകടത്തേണ്ടത് അനിവാര്യമാണെന്ന് മന്ത്രിക്ക് ബോധ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രവാസിക്ക് സാധുവായ താമസ രേഖയുണ്ടെങ്കില്‍ പോലും നടപടി സ്വീകരിക്കാം എന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. മാത്രമല്ല, ഇയാള്‍ സ്പോണ്‍സർ ചെയ്യുന്ന കുടുംബാംഗങ്ങളെയും നാടുകടത്താം. വരുന്ന പാർലമെന്‍റ് സമ്മേളനകാലത്തിനകം ബില്ലിന്മേലുള്ള ചർച്ചകള്‍ പൂർത്തിയാക്കും എന്നാണ് പ്രാദേശിക മാധ്യമ റിപ്പോർട്ടുകളിലുള്ളത്.