പൗരത്വ ഭേദഗതി: അക്രമസംഭവങ്ങൾ ദൗർഭാഗ്യകരം; പ്രതിഷേധങ്ങൾ തള്ളി പ്രധാനമന്ത്രി‌

0
21

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ നിയമം ഒരു മതവിശ്വാസിയെയും ബാധിക്കില്ല. ഇന്ത്യൻ പൗരന് ദോഷമായതൊന്നും നിയമത്തിൽ ഇല്ലെന്നാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ട്വിറ്ററിലൂടെ മോദിയുടെ പ്രതികരണം.

നിയമത്തിന്റെ പേരിൽ ഉയരുന്ന അക്രമസംഭവങ്ങൾ ദൗർഭാഗ്യകരമാണെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. ജനജീവിതം തടസ്സപ്പെടുത്തരുതെന്നും പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധങ്ങളുടെ പശ്ചാത്തലിൽ ഒരു കൂട്ടം ട്വീറ്റുകൾ വഴിയാണ് മോദി പുതിയ നിയമത്തെക്കുറിച്ച് വിശദീകരണം നൽകിയിരിക്കുന്നത്.

‘സമാധാനവും സാഹോദര്യവും പുലർത്തണം… രാജ്യപുരോഗതിക്കായി എല്ലാവരും ഒന്നിക്കേണ്ട സമയമാണിത്.. വർഷങ്ങളോളം പീഡനങ്ങൾ നേരിട്ട് ഇന്ത്യയല്ലാതെ പോകാൻ മറ്റൊരു സ്ഥലമില്ലാത്തവർക്ക് വേണ്ടിയാണ് ഈ നിയമം..പാർലമെന്റും നിയമപ്രകാരം ഇത് പാസാക്കിയിട്ടുണ്ട്.. ‘ മോദി ട്വീറ്റ് ചെയ്തു.

രാജ്യത്തെ ഭിന്നിപ്പിക്കാനും പ്രശ്നങ്ങൾ സൃഷ്ടിക്കാനുമുള്ള ചില ഗ്രൂപ്പുകളുടെ നിക്ഷിപ്ത താത്പ്പര്യങ്ങൾ അനുവദിക്കില്ലെന്ന മുന്നറിയിപ്പും പ്രധാനമന്ത്രി നൽകിയിട്ടുണ്ട്.