യുഎസ് പ്രമേയം വീറ്റോ ചെയ്ത് റഷ്യയും ചൈനയും

0
20

ഗാസയിലെ ഇസ്രയേൽ ആക്രമണത്തില്‍ മരണം 6600 ആയി. 24 മണിക്കൂറിനിടെ 756 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 344 കുട്ടികളും ഉള്‍പ്പെടുന്നു. 150 ക്യാംപുകളിലായി 6 ലക്ഷത്തോളം പേരാണ് കഴിയുന്നത്. ഹമാസ് ബന്ദികളാക്കിയ 220 പേരില്‍ പകുതിയിലധികവും വിദേശികളാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

അതിനിടെ പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പ്രശ്‌നപരിഹാരത്തിനായി വിളിച്ചു ചേര്‍ത്ത യുഎന്‍ രക്ഷാസമിതി യോഗത്തില്‍ തുടർച്ചയായ നാലാം തവണയും തീരുമാനമായില്ല. അമേരിക്ക അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തെ യുഎസ് പ്രമേയം അപലപിച്ചു. ബന്ദികളാക്കിയവരെ ഹമാസ് ഉടന്‍ മോചിപ്പിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യുദ്ധത്തിന് ഇടവേള വേണമെന്ന് യുഎസ് ആവശ്യപ്പെട്ടപ്പോള്‍ എത്രയും പെട്ടന്നുള്ള വെടി നിര്‍ത്തലാണ് ആവശ്യമെന്ന് റഷ്യ വ്യക്തമാക്കി. പത്തോളം രാജ്യങ്ങള്‍ യുഎസ് പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍ യു എസ് പ്രമേയത്തെ റഷ്യ, ചൈന, യുഎഇ എന്നിവ എതിര്‍ത്ത് വോട്ടു ചെയ്തു. യുഎസ് പ്രമേയത്തിന് ബദലായി റഷ്യ അവതരിപ്പിച്ച പ്രമേയത്തിനും മതിയായ പിന്തുണ ലഭിച്ചില്ല.
എന്നാൽ ഗാസയില്‍ കരയുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു. ഇത് തുടക്കം മാത്രമാണെന്നായിരുന്നു രാജ്യത്തോട് നടത്തിയ അഭിസംബോധനയിൽ നെതന്യാഹുവിന്റെ പരാമർശം. കരയുദ്ധം എപ്പോള്‍ ഏത് രീതിയിലായിരിക്കുമെന്ന് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല. കരയുദ്ധം തുടങ്ങാൻ വൈകുന്നത് അമേരിക്കയുടെ ആവശ്യപ്രകാരമാണെന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം, ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രയേല്‍ അംബാസഡര്‍ നോര്‍ ഗിലോണ്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഹമാസിനെതിരായ യുദ്ധത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇസ്രയേല്‍ അംബാസഡര്‍ നന്ദി പറഞ്ഞു. ഇസ്രയേലിന് 100 ശതമാനം പിന്തുണയാണ് മോദി നല്‍കുന്നത്. ഇത് ഭീകരവാദത്തിനുള്ള ശക്തമായ മുന്നറിയിപ്പാണ്. ഇന്ത്യ വളരെ വേണ്ടപ്പെട്ട രാജ്യമാണ്. ലോകത്ത് ധാര്‍മ്മികതയുടെ ശബ്ദമാണ് ഇന്ത്യയുടേതെന്നും ഇസ്രേയേല്‍ അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു.