പ്രകാശം പരത്തി അര നൂറ്റാണ്ട് എന്ന തലക്കെട്ടിൽ കേരള ഇസ്‌ലാമിക് ഗ്രൂപ് ഒരു വർഷമായി സംഘടിപ്പിച്ചുവന്നിരുന്ന ഗോൾഡൻ ജൂബിലി പരിപാടികളുടെ സമാപന പൊതുസമ്മേളനം നവംബർ 17 ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂൾ ഓപൺ ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു. വൈകുന്നേരം 5.30 ന് തുടങ്ങുന്ന സമ്മേളനം കുവൈത്ത് ഔഖാഫ് അണ്ടർ സെക്രട്ടറി മുഹമ്മദ് നാസർ അൽ മുതൈരി ഉദ്ഘാടനം നിർവഹിക്കും. സമ്മേളനത്തിൽ മുൻ വഖ്‍ഫ് ബോർഡ് ചെയർമാൻ സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബ് റഹ്‌മാൻ, എഴുത്തുകാരനും ചിന്തകനുമായ കെ.ഇ.എൻ, മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ തുടങ്ങിയ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. കൂടാതെ കെ. ഐ. ജി. യുടെ മുൻ പ്രസിഡണ്ടുമാരായ പി.കെ.ജമാൽ, കെ.എ,സുബൈർ എന്നിവരും കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനാ രംഗത്ത് പ്രവർത്തിക്കുന്നവരും സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ്. കെ. ഐ. ജി. പ്രസിഡണ്ട് പി ടി ശരീഫ് അധ്യക്ഷത വഹിക്കും.
കെ.ഐ.ജി.യുടെ അമ്പത് വർഷത്തെ പ്രവർത്തനങ്ങളെ സംക്ഷിപ്‌തമായി അടയാളപ്പെടുത്തുന്ന കെ.ഐ.ജി.-നാൾവഴികൾ നാഴികക്കല്ലുകൾ എന്ന സുവനീർ സമ്മേളനത്തിൽ പ്രകാശനം ചെയ്യും. കൂടാതെ നാൽപത് വർഷം പിന്നിട്ട കെ.ഐ.ജി. പ്രവർത്തകരെ സമ്മേളനത്തിൽ വെച്ച് ആദരിക്കുകയും ചെയ്യും.
ഗോൾഡൻ ജൂബിലിയുടെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞ വർഷം മെയ് 13 ന് അബാസിയ സെൻട്രൽ സ്‌കൂളിൽ വെച്ച് ജമാഅത്തെ ഇസ്‌ലാമി കേരള മുൻ അമീർ എം ഐ അബ്ദുൽ അസീസ് നിർവഹിച്ചതോടെയാണ് പ്രചാരണ പരിപാടികൾക്ക് തുടക്കമായത്. വയനാട് വെച്ച് നടത്തിയ പ്രവാസി സംഗമം, ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ കാമ്പയിൻ തുടങ്ങിയ വൈവിധ്യമാർന്ന പ്രചാരണ പരിപാടികളും വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ നിരവധി സേവന പദ്ധതികളുമാണ് കെ.ഐ.ജി. ഈ കാലയളവിൽ അസൂത്രണം ചെയ്‌ത് നടപ്പിലാക്കിയത്
വാർത്താ സമ്മേളനത്തിൽ കെ. ഐ. ജി. പ്രസിഡണ്ട് പി. ടി. ശരീഫ്, വൈസ് പ്രസിഡണ്ടുമാരായ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, സമ്മേളന കൺവീനർ കെ.അബ്‌ദു റഹ്‌മാൻ എന്നിവർ പങ്കെടുത്തു.