മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘നേര്’ന്‍റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ എതിർ കക്ഷികൾക്ക് നോട്ടീസയച്ച് ഹൈക്കോടതി. സംവിധായകന്‍ ജീത്തു ജോസഫും മോഹന്‍ലാലും വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. സിനിമയുടെ സഹ തിരക്കഥാകൃത്ത് കഥ മോഷ്ടിച്ചു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരിക്കുന്നത്.
കഥാകൃത്ത് ദീപക് ഉണ്ണി നല്‍കിയ ഹര്‍ജിയിയില്‍ നാളെ ഹൈക്കോടതി വാദം കേള്‍ക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്‍റേതാണ് നടപടി. എന്നാൽ സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.
3 വര്‍ഷം മുന്‍പ് കൊച്ചിയിലെ ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് തന്‍റെ കഥ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും കഥാകാരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. തന്‍റെ കഥ മോഷ്ടിച്ചാണ് ജീത്തു ജോസഫ് സിനിമയാക്കിയത്. 49 പേജ് അടങ്ങുന്ന കഥാതന്തു വാങ്ങിയ ശേഷം സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് ദീപക് ഉണ്ണിയുടെ ആരോപണം.