പൗരത്വ ഭേദഗതി നിയമം കല കുവൈറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

0
17



കുവൈറ്റ് സിറ്റി: ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മതേതരത്തിന്റെ കടക്കൽ കത്തിവെച്ചു കൊണ്ട് ബിജെപി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് രാജ്യത്താകമാനം ഉയർന്നു വരുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.  സമരമുഖത്തുള്ള നേതാക്കളേയും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകരേയും തുറുങ്കിലടച്ച് സമരത്തെ അടിച്ചമർത്തുന്നതിനുള്ള ശ്രമമാണ് ഫാസിസ്റ്റ് സർക്കാർ നടത്തുന്നത്. ഇതിനെതിരെ ജനാധിപത്യ സമൂഹം ഉണർന്നു വരണമെന്നും ലോകത്താകമാനമുള്ള ജനാധിപത്യ വിശ്വാസികൾ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും യോഗം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു. അബ്ബാസിയ കല സെൻററിൽ നടന്ന പ്രതിഷേധ സംഗമം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്ത് അധ്യക്ഷത വഹിച്ച പ്രതിഷേധ സംഗമത്തിന് ജനറൽ സെക്രട്ടറി ടി കെ സൈജു സ്വാഗതം പറഞ്ഞു. കുവൈറ്റ് പൊതു സമൂഹത്തെ പ്രതിനിധീകരിച്ച് ഷറഫുദ്ധീൻ കണ്ണോത്ത് (കെഎംസിസി), ടി പി അൻവർ (ജനത കൾച്ചുറൽ സെന്റർ), ഹമീദ് മധൂർ (ഐഎംസിസി), ആർ നാഗനാഥൻ (കല കുവൈറ്റ്), സി കെ നാഷാദ് (കല കുവൈറ്റ്) എന്നിവർ സംസാരിച്ചു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിയാളുകളാണ് പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാനായി എത്തിച്ചേർന്നത്. കല കുവൈറ്റ് അബ്ബാസിയ മേഖല സെക്രട്ടറി ശൈമേഷ് പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.