കുവൈറ്റ് സിറ്റി: വിദേശികൾക്ക് കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുവാൻ തീരുമാനിച്ചു എങ്കിലും ഇതിനായി ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ, സാധാരണക്കാരായ പ്രവാസികൾക്ക് ഗുണകരമാകില്ല എന്ന് വിലയിരുത്തൽ. കുടുംബ വിസ അനുവദിക്കുന്നതിന് നേരത്തെ ഉണ്ടായിരുന്ന ശമ്പള പരിധി ഉയർത്തിയതാണ് ഇതിന് ഒരു കാരണമായി ഉയർത്തി കാണിക്കുന്നത്. നേരത്തെ 400 ദിനാർ ആയിരുന്നു ചുരുങ്ങിയ ശമ്പള പരിധിഎങ്കിൽ പിന്നീട് 500 ദിനാർ ആയി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ പുതിയ ഉത്തരവ് പ്രകാരം കുടുംബ വിസക്ക് വേണ്ടി അപേക്ഷിക്കുന്നയാൾക്ക് 800 ദിനാർ അടിസ്ഥാന ശമ്പളവും യൂണിവേഴ്സിറ്റി ബിരൂദവും ഉണ്ടായിരിക്കണം. മാത്രമല്ല വർക്ക് പെർമിറ്റിൽ രേഖപ്പെടുത്തിയ തസ്തിക ബിരുദ സർട്ടിഫിക്കറ്റുമായി പൊരുത്തപ്പെടുകയും വേണം.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഐടി സാങ്കേതിക വിദഗ്ധർ അധ്യാപകർ എന്നീ വിഭാഗക്കാർക്ക് 800 ദിനാറിൽ താഴെ ആണ് ശമ്പളം എങ്കിലും ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി പ്രകാരം കുടുംബ വിസ അനുവദിക്കുന്നുണ്ട്. എന്നാൽ പുതിയ ഉത്തരവ് വരുന്ന ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകുമ്പോൾ ഇത് നിർത്തലാകുമോ എന്ന ആശങ്കയും പലരും പങ്കു വെക്കുന്നുണ്ട്.