കുടുംബ വിസക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി, 14 വിഭാഗങ്ങൾക്ക് ഇളവുകൾ

0
27

കുവൈറ്റ് സിറ്റി:നീണ്ട ഇടവേളക്ക് ശേഷം കുവൈത്തിൽ പ്രവാസികളിൽ നിന്ന് കുടുംബ വിസക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി . അപേക്ഷകരുടെ ജീവിതപങ്കാളി,15 വയസ്സിനു താഴെയുള്ള മക്കൾ എന്നിവർക്ക് മാത്രമാണ് കുടുംബ വിസ അനുവദിക്കുക. പുതിയ ഉത്തരവ് അനുസരിച്ച് അപേക്ഷകർക്ക് 800 ദിനാർ ശമ്പളവും യൂണിവേഴ്സിറ്റി ബിരുദവും ഉണ്ടായിരിക്കുകയും വേണം. വർക് പെർമിറ്റിൽ രേഖപ്പെടുത്തിയ തസ്തിക യൂണിവേഴ്സിറ്റി ബിരുദവുമായി പൊരുത്തപ്പെടുന്നതായിരിക്കണം എന്നും വ്യവസ്ഥയിൽ ഉണ്ട്.അപേക്ഷകൻ താമസിക്കുന്ന ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന താമസകാര്യ വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്

അതേസമയം, 14 വിഭാഗങ്ങളെ 800 ദിനാർ ശമ്പള നിബന്ധനയിൽ നിന്നും യൂണിവേഴ്സിറ്റി ബിരുദ നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

1 – സർക്കാർ മേഖലയിലെ ഉപദേശകർ, ജഡ്ജിമാർ, പ്രോസിക്യൂട്ടർമാർ, വിദഗ്ധർ, നിയമ ഗവേഷകർ

2- ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകൾ.

3 – സർവ്വകലാശാലകൾ, കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ പ്രൊഫസർമാർ.

4 – സ്കൂൾ പ്രിൻസിപ്പൽമാർ, ഡെപ്യൂട്ടി,പ്രിൻസിപ്പൽമാർ, വിദ്യാഭ്യാസ ഉപദേഷ്ടാക്കൾ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ, സർക്കാർ മേഖലയിലെ ലബോറട്ടറി അറ്റൻഡൻ്റുമാർ

5 – സർവകലാശാലകളിലെ സാമ്പത്തിക ഉപദേഷ്ടാക്കൾ.

6 – എഞ്ചിനീയർമാർ.

7 – ഇമാമുമാർ, പ്രബോധകർ, പള്ളികളിലെ ബാങ്ക് വിളിക്കാർ

8 – സർക്കാർ ഏജൻസികളിലും സ്വകാര്യ സർവ്വകലാശാലകളിലുമുള്ള ലൈബ്രേറിയന്മാർ.

9 – നഴ്‌സുമാർ, പാരാമെഡിക്കുകൾ, അവരുടെ വിവിധ സ്പെഷ്യാലിറ്റികളിൽ മെഡിക്കൽ സാങ്കേതിക പദവികൾ വഹിക്കുന്നവർ, അതുപോലെ സാമൂഹിക സേവന മേഖലയിലെ തൊഴിലാളികൾ എന്നിവരുൾപ്പെടെ ആരോഗ്യ മന്ത്രാലയത്തിലെ നഴ്‌സിംഗ് ജീവനക്കാർ.

10 – സർക്കാർ മേഖലയിലെ സാമൂഹ്യപ്രവർത്തകരും മനശാസ്ത്രജ്ഞരും.

11 – പത്രപ്രവർത്തകർ, മാധ്യമ വിദഗ്ധർ,പത്ര ലേഖകർ.

12 – സ്പോർട്സ് ഫെഡറേഷനിലെയും സ്പോർട്സ് ക്ലബ്ബുകളിലെയും പരിശീലകരും കളിക്കാരും.

13 – പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡൻ്റുമാരും.

14 – ശ്മശാനങ്ങളിൽ മൃതദേഹം പരിപാലിക്കുന്നവർ, സംസ്‌കരിക്കുന്നവർ.

ഇതിനു പുറമെ കുവൈത്തിൽ ജനിച്ച കുട്ടികൾ, കുവൈത്തിനു പുറത്തു ജനിച്ചതും 5 വയസിനു താഴെ പ്രായമുള്ളവരുമായ കുട്ടികൾ എന്നിവർക്കു വേണ്ടി വിസ അപേക്ഷിക്കുമ്പോഴും യൂണിവേഴ്സിറ്റി ബിരുദം, 800 ദിനാർ കുറഞ്ഞ ശമ്പള പരിധി എന്നീ നിബന്ധനകൾ ബാധകമല്ല.എന്നാൽ ഈ രണ്ടു വിഭാഗത്തിൽ ഉൾപ്പെടുന്ന കുട്ടികളുടെ മാതാ പിതാക്കൾ കുവൈത്തിൽ സാധുവായ താമസ രേഖകൾ ഉള്ളവർ ആയിരിക്കണം.