സാരഥി കുവൈറ്റ് ശാസ്ത്ര സാങ്കേതിക പ്രദർശനം – ഫ്യൂച്ചറോളജിയ 2024 സംഘടിപ്പിച്ചു

0
51

 

സാരഥി കുവൈറ്റ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാസ്ത്ര സാങ്കേതിക പ്രദർശനം ഫ്യൂച്ചറോളജിയ 2024, ജനുവരി 26 ന് കാർമൽ സ്കൂൾ, ഖൈത്താനിൽ വെച്ച് സംഘടിപ്പിച്ചു. സയൻസ്, ഗണിതം, ഐടി എന്നീ മൂന്ന് വിഭാഗങ്ങളിലായി സംഘടിപ്പിച്ച പ്രദർശനത്തിൽ നൂറിലോളം ടീമുകൾ പങ്കെടുത്തു. രാവിലെ 9 ന് ആരംഭിച്ച പ്രദർശനം വൈകുന്നേരം വരെ നീണ്ടു.

കുഞ്ഞു മനസ്സുകളുടെ കൗതുകം വാനോളം ഉയർത്തിയ പ്രദർശനത്തിൽ യുവതലമുറ അവരുടെ വിഭാഗത്തിൽ നടത്തിയ വിഷയങ്ങളിൽ ചാതുര്യം പ്രകടിപ്പിക്കുകയും അറിവിനോടുള്ള അവരുടെ അഭിനിവേശവും ടീം വർക്കിന്റെ മാഹാത്മ്യം വിളിച്ചോതുകയും ചെയ്തു. മുതിർന്ന വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയ മത്സരങ്ങൾ അവരുടെ അനുഭവസമ്പത്ത് കൊണ്ട് ശ്രദ്ധ നേടി. ഓരോ വിഷയത്തിലും പ്രഗത്ഭരായവർ പ്രദർശനത്തിന് വിധികർത്താക്കളായെത്തി.

സാരഥിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തിയ, സാരഥിയുടെ കഴിഞ്ഞ 24 വർഷത്തെ സമ്പന്നമായ ചരിത്ര പ്രദർശനം ഏറെ ശ്രദ്ധ നേടി. 1999 മുതലുള്ള സാരഥി എന്ന മഹാപ്രസ്ഥാനത്തിന്റെ ചരിത്ര വീഥികളിലൂടെയുള്ള സഞ്ചാരം, കടന്ന വഴികളും പിന്നിട്ട പടികളും ഉൾപ്പെടെയുള്ള വിവിധ കാലങ്ങളിലെ ശേഷിപ്പുകൾ ഒക്കെ പ്രദർശനത്തിന്റെ ഭാഗമായി. സാരഥി ഹെൽത്ത് ക്ലബ് പ്രദർശനത്തിൽ ആരോഗ്യ സംരക്ഷണത്തിന്റെ ആവശ്യകതയെ ഉയർത്തിപ്പിടിച്ച് അംഗങ്ങളുടെ ഇടയിൽ അവബോധം വളർത്താൻ സഹായിച്ചു.

സിറ്റി ഗ്രൂപ്പ് CEO, ഡോക്ടർ ധീരജ് ഭരദ്വാജ് ഫ്യൂച്ചറോളജിയ 2024 ന്റെ മുഖ്യഅതിഥിയായി പങ്കെടുത്തു. കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തേണ്ടതിന്റെ ആവശ്യകതയും അവരെ കാത്തിരിക്കുന്ന അവസരങ്ങളെപ്പറ്റിയും അദ്ദേഹം ചടങ്ങിൽ സംസാരിച്ചു. ഫ്യൂച്ചറോളജിയ കൺവീനർ മോബിന സിജു സ്വാഗതം അർപ്പിച്ച ചടങ്ങിൽ സാരഥി പ്രസിഡന്റ് അജി കെ ആർ, ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, കേന്ദ്ര വനിതാവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, ട്രസ്റ്റിനെ പ്രതിനിധീകരിച്ച് വിനോദ് സി എസ്, ജിതിൻ ദാസ്, സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ എന്നിവർ ആശംസകൾ അറിയിച്ചു.

സാരഥി ഹസ്സാവി സൗത്ത് യൂണിറ്റ് ആദ്യ ഫ്യൂച്ചറോളജിയ ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കി. മംഗഫ് വെസ്റ്റ് യൂണിറ്റ് ഫസ്റ്റ് റണ്ണറപ്പും ഹസ്സാവി ഈസ്റ്റ് യൂണിറ്റ് സെക്കന്റ് റണ്ണറപ്പും നേടി. പ്രദർശനം വൻവിജയമാക്കി മാറ്റിയ ഓരോ സാരഥി അംഗങ്ങളോടുമുള്ള നന്ദിയും കടപ്പാടും സാരഥി ട്രെഷറർ ദിനു കമാൽ അറിയിച്ചു.