പ്രവാസികളെ തഴഞ്ഞ് സംസ്ഥാന ബജറ്റ്

0
30

പ്രവാസികളെ തഴഞ്ഞ് രണ്ടാം പിണറായി സർക്കാരിന്‍റെ നാലാം ബജറ്റ്. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പ്രവാസി ക്ഷേമത്തിനായി ഒന്നുമില്ല. പ്രവാസികൾക്കുള്ള രണ്ട് പദ്ധതികളുടെയും ബജറ്റ് വിഹിതത്തിൽ സംസ്ഥാന സർക്കാർ കുറവാണ് വരുത്തിയിരിക്കുന്നത്.

പ്രവാസികളുടെ സുസ്ഥിര ജീവനോപാധി ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എൻഡിപിആർഇഎം പദ്ധതിയുടെയും ‘സാന്ത്വന’ പദ്ധതിയുടെയും വിഹിതത്തിലാണ് ഇത്തവണ വർധനയില്ലാത്തത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പദ്ധതിയായ ‘കേരള ദി നോൺ റെസിഡന്‍റ് കേരളൈറ്റ്സ് വെൽഫെയർ ബോർഡ്’ വഴിയുള്ള ക്ഷേമപദ്ധതികളുടെയും ബജറ്റ് വിഹിതത്തിൽ സർക്കാർ ഇത്തവണ കുറവും വരുത്തി.

മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസ പുനസംയോജന ഏകോപന പദ്ധതിക്കായി ഇത്തവണ 44 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ഇത് കഴിഞ്ഞ വർഷത്തെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. കഴിഞ്ഞ തവണ 50 കോടി വകയിരുത്തിയപ്പോൾ ഇത്തവണ ബജറ്റ് വിഹിതത്തിൽ ആറ് കോടി കുറവ് വരുത്തി.