കുവൈറ്റ് സിറ്റി: മംഗഫിലെ നിലവിലെ വാട്ടർ ഫില്ലിംഗ് കേന്ദ്രം പുനഃസ്ഥാപിക്കുന്നതിനുള്ള എല്ലാ ചെലവുകളും വഹിക്കാൻ കുവൈറ്റ് മുനിസിപ്പാലിറ്റി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. സെൻട്രൽ അറവുശാലയ്ക്കും കന്നുകാലി ചന്തയ്ക്കും അടുത്തായി ദഹറിന് തെക്ക് അൽ-മുഖ്‌വയിൽ മുനിസിപ്പാലിറ്റി രണ്ട് സ്ഥലങ്ങൾ ഇതിനായി അനുവദിച്ചതായി വൃത്തങ്ങൾ വിശദീകരിച്ചു. അവയിലൊന്ന് മംഗഫിലെ നിലവിലെ ഫില്ലിംഗ് സ്റ്റേഷന് ബദലായി ഒരു വാട്ടർ ഫില്ലിംഗ് സ്റ്റേഷനുള്ള സ്ഥലവും, മറ്റൊന്ന് സ്റ്റേഷനോട് ചേർന്നുള്ളതും ഉപഭോക്തൃ കാര്യ സേവന കെട്ടിടങ്ങൾക്കും അഹമ്മദി ഗവർണറേറ്റിനുള്ള അവയുടെ അനുബന്ധങ്ങൾക്കും വേണ്ടി നിശ്ചയിച്ചിട്ടുള്ളതാണ്.
മംഗഫിലെ കേന്ദ്രം കാരണം പ്രദേശവാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് ഇത് മാറ്റി സ്ഥാപിക്കുന്നത് എന്നാണ് വിവരം. ഫയർ സ്റ്റേഷനോട് ചേർന്നുള്ള ഈ ഫില്ലിംഗ് സ്റ്റേഷൻ ഗതാഗതക്കുരുവിന് കാരണമാകുന്നതായി ആരോപണം ഉയർന്നിരുന്നു.