ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ ഇല്ല

0
25

കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികൾക്ക്  വധശിക്ഷയില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. കെ.കെ.കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം. 1 മുതൽ 8 വരെ പ്രതികൾക്കും 11-ാം പ്രതിക്കും 20 വർഷം തടവ് എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് 20 വർഷം കഴിയാതെ ശിക്ഷാ ഇളവ് നൽകരുത് എന്നും കോടതി വിധിയിൽ ഉണ്ട് . കേസിൽ പുതുതായി കുറ്റക്കാരാണ് എന്ന് കണ്ടെത്തിയ k.k കൃഷ്ണനും, ജ്യോതി ബാബുവിനും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

ടിവി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാഹചര്യം ഉണ്ടോയെന്ന് വിചാരണ വേളയിൽ പ്രോസിക്യൂഷനോട് ഹൈക്കോടതി ചോദിച്ചിരുന്നു.

പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം. വർഷങ്ങൾ നീണ്ട വലിയ ഗൂഢാലോചനയും വൈരാഗ്യവും ഇതിന് പിന്നിലുണ്ട്. ജയിൽ റിപ്പോർട്ടിൽ പലതും മറച്ചുവച്ചു. കോടതി ഇക്കാര്യം പരിശോധിക്കണമെന്നു പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ചൊവ്വാഴ്‌ച മൂന്നുമണിക്കൂറോളമാണ് ഹൈക്കോടതിയിൽ വാദം നടന്നത്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടർ കുമാരൻകുട്ടി, ടി.പി.യെ എന്തിനുവേണ്ടി കൊലപ്പെടുത്തിയെന്ന കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കോടതിയിൽ പറഞ്ഞു. ജയിലിൽ കഴിഞ്ഞ കാലത്ത് പ്രതികൾ ഏർപ്പെട്ട ക്രിമിനൽപ്രവർത്തനങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രതികളെക്കുറിച്ച് ജയിലുകളിൽനിന്ന് നൽകിയ റിപ്പോർട്ട് പൂർണമല്ലെന്നും ഇത്തരം ക്രിമിനൽപ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ആരോപിച്ചു.

അതേസമയം, ടി.പി. ചന്ദ്രശേഖരന്റേത് ആദ്യത്തെ രാഷ്ട്രീയ കൊലപാതകമല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

2012 മേയ് നാലിനാണ് വടകര വള്ളിക്കാടുവെച്ച് ടി.പി. ചന്ദ്രശേഖരനെ ഒരുസംഘം കാറിടിപ്പിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എമ്മിൽനിന്ന് വിട്ടുപോയി ആർ.എം.പി. രൂപവത്കരിച്ചതിലുണ്ടായ പകനിമിത്തം സി.പി.എമ്മുകാരായ പ്രതികൾ കൊലപ്പെടുത്തിയെന്നാണ് കേസ്. 36 പ്രതികളായിരുന്നു ആകെ. 2014-ലാണ് കോഴിക്കോട് അഡീഷണൽ ജില്ലാകോടതി ശിക്ഷ വിധിച്ചത്.