ഇലക്ട്രൽ ബോണ്ട് വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. എസ്ബിഐ നാളെ തന്നെ വിവരങ്ങൾ കൈമാറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും 15 ന് മുൻപ് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. വിവരങ്ങള്‍ മുംബൈ മെയിന്‍ ബ്രാഞ്ചില്‍ ഇല്ലേയെന്നു കോടതി ചോദിച്ചു. അതേസമയം വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പരും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ലെന്ന് എസ്ബിഐ അറിയിച്ചു. വിവരങ്ങള്‍ നല്‍കാന്‍ ഫെബ്രുവരി 15നാണ് ആവശ്യപ്പെട്ടത്. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി ചോദിച്ചു.
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി ഭേദഗതി ചെയ്യാന്‍ അസി. ജനറല്‍ മാനേജരാണോ സത്യവാങ്മൂലം നല്‍കുന്നതെന്നും കോടതി ചോദിച്ചു. ഇലക്ട്രൽ ബോണ്ട് വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന വിവരങ്ങൾ മാർച്ച് 6 ന് മുൻപായി തിരഞ്ഞെടുപ്പ് കമ്മീഷനു കൈമാറാനും ഇതു കമ്മീഷൻ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ വിശദാംശങ്ങൾ നൽകാൻ ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്നാണ് എസ്ബിഐയുടെ ആവശ്യം.