കയ്റോ: കുവൈറ്റിന്റെ നയതന്ത്ര പ്രതിനിധിക്ക് ഇറാൻ വിദേശകാര്യമന്ത്രാലയത്തിന്റെ സമന്‍സ്. ഇറാനിലെ ഒരു വിഘടനാവാദ സംഘടനാ നേതാക്കളുമായി കുവൈറ്റ് അധികാരികൾ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിഷേധം അറിയിച്ചാണ് സമൻസ്. ഈ ‘ഇറാൻ വിരുദ്ധ’ കൂടിക്കാഴ്ച രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലെ പ്രകടമായ ഒരു ഇടപെടലാണെന്നും ഇത് രണ്ട് അയൽ രാജ്യങ്ങൾ തമ്മിലുള്ള നല്ല ബന്ധത്തെ തകർക്കുന്നതാണെന്നുമാണ് ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കുവൈറ്റ് പാർലമെന്റ് അധ്യക്ഷൻ മസ്റൂഖ് അൽ ഗനം, ഇറാൻ വിഘടനവാദ ഗ്രൂപ്പായ അഹ്വാസിന്റെ അംഗത്തിന് ഉപഹാരം കൈമാറുന്ന ചിത്രം ഇറാനിലെ ചില പ്രതിപക്ഷ വെബ്സൈറ്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. കുവൈറ്റിൽ അഹ്വാസ് അനുകൂലികൾ സംഘടിപ്പിച്ച ഒരു കോൺഫറസിനിടെയെടുത്ത ചിത്രമാണിതെന്നാണ് അറബ് മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. കുവൈറ്റിലെ ജനാധിപത്യം എന്ന വിഷയത്തിലുള്ള ഒരു തീസിസുമായി ബന്ധപ്പെട്ട ചർച്ചകളാണ് അവിടെ നടന്നതെന്നും മറ്റൊരു വിഷയവും അവിടെ ഉന്നയിക്കപ്പെട്ടില്ലെന്നുമാണ് ചടങ്ങിൽ പങ്കെടുത്ത കുവൈറ്റ് എംപി അറിയിച്ചത്.
എന്നാൽ ഇറാൻ പ്രതിഷേധം അറിയിച്ചതുമായി ബന്ധപ്പെട്ട് കുവൈറ്റിന്റെ ഭാഗത്തു നിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.