ഖഫ്ജി: എസ്കവേറ്ററിന്റെ അടിയിൽപെട്ട് കൊല്ലം സ്വദേശിക്ക് സൗദിയിൽ ദാരുണാന്ത്യം. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ വട്ടവിള സ്വദേശി പയ്യല്ലൂർ കിഴക്കതിൽ വീട്ടിൽ ഷാജഹാൻ (46) ആണ് മരിച്ചത്. സൈക്കിളിൽ വരികയായിരുന്ന ഷാജഹാനെ അശ്രദ്ധമായി പിന്നിലേക്കെടുത്ത എസ്കവേറ്റർ ഇടിച്ചിടുകയായിരുന്നു. ഇടിയേറ്റ് വീണയാളുടെ തലയിലൂടെ എസ്കവേറ്റര്‍ കയറിയിറങ്ങി തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ 25 വർഷമായി ഖഫ്ബിയിലുള്ള ഷാജഹാന്‍ ഇവിടെ ഒരു വിശ്രമ കേന്ദ്രത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്തു തന്നെ നാട്ടിൽ പോകാനിരിക്കെയാണ് മരണം. കുടുംബാംഗങ്ങളുടെ അനുമതിയോടെ മൃതദേഹം ഇവിടെ തന്നെ ഖബറടക്കും. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ ഉച്ചയോടെയായിരിക്കും ഖബറടക്കം. നസീമ ബീവിയാണ് ഷാജഹാന്റെ ഭാര്യ. മക്കൾ: മുഹമ്മദ് ഷാൻ, മുഹമ്മദ് ഷഫീഖ്, സജ്ന.