കഞ്ചാവ് മാഫിയയെ വിറപ്പിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശര്‍മിള വിട വാങ്ങി

0
21
Sharmila

പാലക്കാട്: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന പാലക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശർമിള (32) വിടവാങ്ങി. ആശുപത്രി കിടക്കയിൽ ദിവസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് ശര്‍മിള വിധിക്ക് കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 24 നായിരുന്നു ശര്‍‌മിള സഞ്ചരിച്ചിരുന്ന വനംവകുപ്പിന്റെ വാഹനം അപകടത്തിൽപെട്ട് ഭവാനിപ്പുഴയിലേക്ക് മറിഞ്ഞത്. ദീർഘനേരത്തെ പരിശ്രമത്തിനൊടുവിൽ ശർമിളയെയും ഒപ്പമുണ്ടായിരുന്നു ഡ്രൈവർ ഉബൈദിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഉബൈദ് ചികിത്സയിലിരിക്കെ മരിച്ചു.

2017 ൽ ഫോറസ്റ്റ് റേഞ്ച് ഓഫീസറായെത്തിയ ശർമിള പാലക്കാടൻ കാടുകളിൽ കഞ്ചാവ് മാഫിയകളുടെ പേടി സ്വപ്നമായിരുന്നു. വനപാലകർ പോലും അധികം ശ്രദ്ധ കൊടുക്കാത്ത കഞ്ചാവ് കൃഷി കാടിറക്കാൻ ശർമിള എന്ന ഉദ്യോഗസ്ഥയുടെ ശ്രമങ്ങൾ വളരെ വലുതാണ്. കാടറിയുന്ന കാടിനെ അറിയുന്ന ഈ യുവ ഉദ്യോഗസ്ഥ കഞ്ചാവ് കൃഷി എവിടെയുണ്ടെന്നറിഞ്ഞാലും എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് അവിടെയെത്തി അത് നശിപ്പിക്കുമായിരുന്നു.

ധീരയായ ഉദ്യോഗസ്ഥ എന്നതിലപ്പുറം വലിയൊരു മനുഷ്യസ്നേഹി കൂടിയായ ശർമിള കാടിന്റെ മക്കൾക്കും പ്രിയപ്പെട്ടവളായിരുന്നു. പാലക്കാട് ആദിവാസി ഊരുകളിലെ ആളുകളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ ശര്‍മിള അവരുടെ വികസനത്തിനായി ആരണ്യകം എന്ന പദ്ധതി ആരംഭിച്ചു. സുമനസുകളുടെ സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്. കേരളത്തെ വിഴുങ്ങിയ പ്രളയദിനങ്ങളിലും ഒറ്റപ്പെട്ട ഊരുകൾക്ക് രക്ഷകയായത് ശര്‍മിള ആയിരുന്നു. ദുരിതാശ്വാസ സാധനങ്ങൾ ശേഖരിച്ച് ഊരുകളിലെ ജനങ്ങളിലെത്തിക്കാൻ അവർ തന്നെ മുന്നിട്ടിറങ്ങി.

സർക്കാരിന് ഒരു ധീര ഉദ്യോഗസ്ഥയെ ഇന്ന് നഷ്ടമായപ്പോൾ ഊരുവാസികൾക്ക് നഷ്ടമായത് അവരുടെ കൈത്താങ്ങ് തന്നെയാണ്. പാലക്കാട് യാക്കര സ്വദേശിയാണ് ഷര്‍മിള. ഭര്‍ത്താവ് വിനോദ്. നാലു വയസുകാരൻ റിയാന്‍ഷ് ഏകമകനാണ്.