തിരുവനന്തപുരം: കേന്ദ്ര സർക്കാർ പ്രവാസികൾക്കായി ഒന്നും ചെയ്യുന്നില്ലെന്ന വിമർശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്നമായി തുടരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ലോക കേരള സഭയുടെ കരടു സമീപനരേഖ പ്രകാശനം ചെയ്ത് സംസാരിക്കവെയാണ് കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രിയുടെ വിമർശനം.
പ്രവാസികളെ സംസ്ഥാനത്തോട് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ലോകകേരള സഭ ആരംഭിച്ചത്. നിരവധി കാര്യങ്ങൾ ഇതിലൂടെ ചെയ്യാനായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാസികളുടെ പണം കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയില്ല എന്ന പ്രശ്നം സംസ്ഥാനത്തുണ്ടായിരുന്നു. എന്നാൽ ലോക കേരളസഭയിലൂടെ ഈ പണം നാട്ടിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ വഴി തെളിഞ്ഞു.
പ്രവാസി മലയാളി സമൂഹത്തിന് വേണ്ടി ആരംഭിച്ച ലോകകേരള സഭങ ആരംഭശൂരത്വമല്ലെന്നതിന് തെളിവാണ് പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി സഹകരണ സംഘം എന്നിവയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരളാ പുനർനിർമ്മാണ പ്രക്രിയയിൽ പ്രവാസി ലോകത്തു നിന്നും കൂടുതൽ സഹായം സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്നും ആശയ-ആസൂത്രണ രംഗത്തും പങ്കാളിത്തം ആവശ്യമുണ്ടെന്നും പിണറായി വിജയൻ വ്യക്തമാക്കി.
അതേസമയം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ലോകകേരള സഭ ധൂർത്താണെന്നാരോപിച്ച് പ്രതിപക്ഷവും ബിജെപിയും ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.