ടെഹ്റാൻ: നിലവിലെ സംഘർഷസാധ്യതകൾക്കിടെ ആശങ്ക ഉയർത്തി ഇറാനിലെ ഖ്യോം മസ്ജിദിൽ ചെങ്കൊടി ഉയർന്നു. ചരിത്രത്തിൽ ആദ്യമായാണ് ഇവിടെ ചെങ്കൊടി ഉയരുന്നത്. യുദ്ധ മുന്നറിയിപ്പായാണ് ഇത്തരത്തിൽ ചുവന്ന പതാക മസ്ജിദിന് മുകളിൽ ഉയര്‍ത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ രഹസ്യ സേനാ മേധാവി ഖാസി സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ വധിച്ചതാണ് നിലവിൽ പ്രശ്നങ്ങൾക്ക് തുടക്കം. ശക്തമായ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഷിയാ വിഭാഗക്കാരുടെ പുണ്യഭൂമിയായി വിശേഷിപ്പിക്കപ്പെടുന്ന ഖ്യോമിലെ ജംകരൻ മസ്ജിദിലെ താഴികക്കുടത്തിന് മുകളിൽ ചെങ്കൊടി ഉയർത്തിയത്. ഷിയാ പാരമ്പര്യം അനുസരിച്ച് അന്യായമായി ചൊരിയപ്പെട്ട രക്തത്തിന്റെ പ്രതീകമാണ് ചെങ്കൊടി. കൊലചെയ്യപ്പെട്ട ആൾക്ക് വേണ്ടി പ്രതികാരം ചെയ്യുമെന്നതിന്റെ സൂചനയും. ആ സാഹചര്യത്തിൽ മസ്ജിദിന് മുകളിലെ ചെങ്കൊടി യുദ്ധസൂചന തന്നെയായാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനിടെ യുഎസിന് നേർക്ക് ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭീഷണി മുഴക്കിയിട്ടുണ്ട്. ഇറാനിലെ 52 കേന്ദ്രങ്ങളിൽ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്.