“ജീവൻ രക്ഷിക്കാൻ ഞങ്ങൾ മരങ്ങളിൽ കയറി

പീപ്പ്ൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിൽ റിതയാൻ മുഖർജി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നിന്ന്

0
113

സുന്ദർവനത്തിൽ ഉംപുൻ ചുഴലിക്കാറ്റ് ആഞ്ഞടിച്ച് ഒരു വർഷത്തിന് ശേഷം മെയ് 26ന് യാസ് ചുഴലിക്കാറ്റ് മൗസുനിയുടെ ഭൂമിയെ വെള്ളത്തിനടിയിലാക്കി

“ദൈവത്തിന് ഞങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുന്നതിനുപകരം ഒറ്റയടിക്ക് കൊല്ലാൻ കഴിയുമായിരുന്നു”, മെയ് 26ന് സുന്ദർവനത്തിലെ മൗസുനി ദ്വീപിനെ വിഴുങ്ങിയ വേലിയേറ്റത്തിൽ വീട് നഷ്ടപ്പെട്ട കർഷകനായ അസ്ഹർ ഖാൻ പറഞ്ഞു.
അന്ന് ഉച്ചതിരിഞ്ഞ്,ബംഗാൾ ഉൾക്കടലിലുണ്ടായ ഒരു കൊടുങ്കാറ്റ് മുരിഗംഗ നദിയിൽ ഉയർന്ന തിരമാലകൾക്ക് കാരണമായി.ഇത് പതിവിലും 1-2 മീറ്റർ ഉയരത്തിലുള്ള വേലിയേറ്റങ്ങൾക്ക് കാരണമായി. തടയണകൾ തകർത്ത് താഴ്ന്ന പ്രദേശമായ ദ്വീപിൽ വെള്ളം കയറി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശം വരുത്തി.
മെയ് 26ന് ഉച്ചയ്ക്ക്മുമ്പ് യാസ് ചുഴലിക്കാറ്റ് ഒഡീഷയിലെ മൗസുനിയിൽ നിന്ന് 65നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറുള്ള ബാലസോറിനടുത്ത് ആഞ്ഞടിച്ചു. മണിക്കൂറിൽ 130 മുതൽ 140 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയിരുന്നു.”കൊടുങ്കാറ്റ് വരുന്നത് ഞങ്ങൾ കണ്ടു, ഞങ്ങളുടെ സാധനങ്ങൾ നീക്കാൻ സമയമുണ്ടെന്ന് കരുതി, പക്ഷേ വെള്ളം ഗ്രാമത്തിലേക്ക് ഇരച്ചുകയറി”, ബാഗ്ദംഗ മൗസയിൽ (ഗ്രാമത്തിൻ്റെ പേര്) നിന്നുള്ള മജൂറ ബീബി പറഞ്ഞു.
മൗസുനിക്ക് പടിഞ്ഞാറ് മുരിഗംഗയിലെ തടയണയ്ക്കടുത്താണ് അവർ താമസിക്കുന്നത്. “ഞങ്ങൾ ജീവൻ രക്ഷിക്കാൻ ഓടി,പക്ഷേ ഞങ്ങളുടെ സാധനങ്ങൾ എടുക്കാൻ കഴിഞ്ഞില്ല. ജീവൻ രക്ഷിക്കാൻ ഞങ്ങളിൽ പലരും മരങ്ങളിൽ കയറി.”
കനത്ത മഴയെ തുടര്‍ന്ന് ദ്വീപിലെ നാല് ഗ്രാമങ്ങളായ ബാഗ്ദംഗ,ബലിയാറ,കുസുംതല,മൗസുനി എന്നിവിടങ്ങളിലേക്കുള്ള ബോട്ടുകളും ലോഞ്ചുകളും മൂന്ന് ദിവസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.മെയ് 29ന് രാവിലെ ഞാൻ മൗസനിയിൽ എത്തിയപ്പോൾ ഭൂരിഭാഗവും വെള്ളത്തിനടിയിലായിരുന്നു.

“എൻ്റെ ഭൂമി ഉപ്പുവെള്ളത്തിലാണ്,” ബാഗ്ദംഗയിലെ അഭയകേന്ദ്രത്തിലുള്ള അഭിലാഷ് സർദാർ പറയുന്നു . “ഞങ്ങൾ കർഷകർക്ക് ഞങ്ങളുടെ ഉപജീവനമാർഗം നഷ്ടപ്പെട്ടു,” അദ്ദേഹം പറഞ്ഞു.”അടുത്ത മൂന്ന് വർഷത്തേക്ക് എനിക്ക് എൻ്റെ ഭൂമിയിൽ കൃഷി ചെയ്യാൻ കഴിയില്ല. മണ്ണ് വീണ്ടും ഫലഭൂയിഷ്ഠമാകാൻ ഏഴ് വർഷം വരെ എടുത്തേക്കാം.”

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ നാംഖാന ബ്ലോക്കിൽ നദികളാലും കടലിനാലും ചുറ്റപ്പെട്ട ദ്വീപായ മൗസുനിയിൽ ഉണ്ടായ ദുരന്ത പരമ്പരയിലെ ഏറ്റവും പുതിയതാണ് യാസ് ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ.
ഒരു വർഷം മുമ്പ് – 2020 മെയ് 20ന് ഉംപുൻ ചുഴലിക്കാറ്റ് സുന്ദർവനങ്ങളിൽ നാശം വിതച്ചിരുന്നു.നേരത്തെ ബുൾബുൾ (2019), ഐല (2009) എന്നീ ചുഴലിക്കാറ്റുകൾ ദ്വീപുകളിൽ നാശം വിതച്ചിരുന്നു.മൗസുനിയിലെ 30-35 ശതമാനം ഭൂമി ഐല ചുഴലിക്കാറ്റ് നശിപ്പിച്ചു.മണ്ണിൻ്റെ ലവണത്വം വർദ്ധിച്ചതിനാൽ തെക്കൻ തീരത്തിൻ്റെ ഭൂരിഭാഗവും കൃഷിക്ക് യോഗ്യമല്ലാതായി.

ആഗോളതാപനത്തിൻ്റെ സൂചകമായ സമുദ്രോപരിതല താപനില ഉയരുന്നത് മാത്രമല്ല, തീരദേശ ഉപരിതല താപനിലയിലെ വർദ്ധനവും ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റുകൾ രൂക്ഷമാകാൻ കാരണമാകുന്നുവെന്ന് വിദഗ്ധർ നിരീക്ഷിച്ചിട്ടുണ്ട്.മെയ്,ഒക്ടോബർ,നവംബർ മാസങ്ങളിൽ ചുഴലിക്കാറ്റിന്‍റെ തീവ്രത വർദ്ധിച്ചതായി 2006 ലെ ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐ.എം.ഡി) പഠനം പറയുന്നു.

യാസ് ചുഴലിക്കാറ്റിന് മുമ്പ്, ദ്വീപിന്‍റെ 6,000 ഏക്കറിലധികം വിസ്തീർണ്ണത്തിൻ്റെ 70 ശതമാനവും കൃഷിയോഗ്യമായിരുന്നുവെന്ന് ബാഗ്ദംഗയിൽ അഞ്ച് ഏക്കർ സ്വന്തമായുള്ള സരൾ ദാസ് പറയുന്നു. “ഇപ്പോൾ 70-80 ഏക്കർ ഭൂമിയാണ് തരിശായി കിടക്കുന്നത്.” ദ്വീപിലെ ഏകദേശം 22,000 ആളുകളെയും (2011 ലെ സെൻസസ്) ചുഴലിക്കാറ്റ് ബാധിച്ചിട്ടുണ്ടെന്ന് ബാഗ്ദംഗയിലെ സഹകരണ സ്കൂളിൽ ജോലി ചെയ്യുന്ന ദാസ് പറയുന്നു. ദ്വീപിലെ 400 ഓളം വീടുകൾ പൂർണ്ണമായി നശിക്കുകയു 2,000ത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെ്തു. കന്നുകാലികളും കോഴികളും മത്സ്യകൃഷിയും നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
കൊടുങ്കാറ്റിന് ശേഷം മൗസനിയിൽ കുടിവെള്ളത്തിന്‍റെ പ്രധാന സ്രോതസ്സായ കുഴൽക്കിണറുകളിലേക്കുള്ള യാത്ര ബുദ്ധിമുട്ടായി. “കുഴൽക്കിണറുകളിൽ പലതും വെള്ളത്തിനടിയിലാണ്. അടുത്തുള്ള കുഴൽക്കിണറിൽ എത്താൻ ഞങ്ങൾ അരക്കെട്ട് ആഴത്തിലുള്ള ചെളിയിൽ അഞ്ച് കിലോമീറ്ററോളം നടക്കണം,” ജയ്നാൽ സർദാർ പറയുന്നു.

മൗസൂനിയിലെ ജനങ്ങൾ ഇത്തരം ദുരന്തങ്ങളുമായി ജീവിക്കാൻ പഠിക്കേണ്ടിവരുമെന്ന് പരിസ്ഥിതി സംരക്ഷകനും സുന്ദർവനങ്ങളെയും അവിടത്തെ ജനങ്ങളെയും കുറിച്ചുള്ള ത്രൈമാസ മാസികയായ ‘സുധു സുന്ദർബൻ ചർച്ച’യുടെ എഡിറ്ററുമായ ജ്യോതിരിന്ദ്രനാരായണൻ ലാഹിരി പറയുന്നു. “വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലുള്ള വീടുകൾ നിർമ്മിച്ച് അതിജീവനത്തിനായി പുതിയ തന്ത്രങ്ങൾ അവർ സ്വീകരിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. മൗസുനി പോലുള്ള ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾ സർക്കാർ ദുരിതാശ്വാസത്തെ ആശ്രയിക്കുന്നില്ലെന്നും ലാഹിരി പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെ കുറഞ്ഞത് 96,650 ഹെക്ടർ (238,830 ഏക്കർ) വിളകൾ വെള്ളത്തിൽ മുങ്ങിയതായാണ് പശ്ചിമ ബംഗാൾ സർക്കാർ റിപ്പോർട്ടുകൾ. കൃഷി പ്രധാന ഉപജീവനമാർഗമായ മൗസുനിയിൽ, ഫലഭൂയിഷ്ഠമായ ഭൂമിയുടെ ഭൂരിഭാഗവും ഉപ്പുവെള്ളത്തിന് കീഴിലായതിനാൽ കാര്യങ്ങൾ ഇപ്പോൾ കൂടുതൽ വഷളാകും.യാസ് ചുഴലിക്കാറ്റ് അവശേഷിപ്പിച്ച നാശനഷ്ടങ്ങളുമായി ദ്വീപ് നിവാസികൾ ഇപ്പോഴും പൊരുത്തപ്പെടുകയാണ്. ബാഗ്ദംഗയിൽ, ബിബിജൻ ബീബി പറയുന്നു “വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ ഗോഖ്ര [ഇന്ത്യൻ മൂർഖൻ] ഞങ്ങളുടെ വീടുകളിൽ പ്രവേശിക്കാൻ തുടങ്ങും. ഞങ്ങളുടെ ആശങ്കകൾ ഇനിയും അവസാനിക്കുന്നില്ല.”