കുവൈറ്റ്: യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കരുതൽ മുന്നൊരുക്കങ്ങളുമായി കുവൈറ്റ്. യുദ്ധസമാന സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ആറുമാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ കരുതി വച്ചതായി അധികൃതർ അറിയിച്ചു. ഭക്ഷ്യക്ഷാമം ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് സഹകരണസംഘം യൂണിയന്‍ ചെയർപേഴ്സൺ മിശ്അൽ അൽ സയ്യാർ അറിയിച്ചത്.
ഭക്ഷ്യ വസ്തുക്കൾക്ക് പുറമെ മറ്റ് അവശ്യ വസ്തുക്കളുടെയും കരുതല്‍ ശേഖരണം നടത്തിയിട്ടുണ്ടെന്നാണ് സയ്യാർ അറിയിച്ചിരിക്കുന്നത്. ഇത്തരം മുന്നൊരുക്കങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ പ്രത്യേകം അറിയിച്ചിട്ടുണ്ട്. യുദ്ധമുണ്ടാകും എന്ന അറിവിന്റെ അടിസ്ഥാനത്തിലല്ലെന്നും പൊതുവായ മുൻകരുതലിന്റെ ഭാഗമാണിതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
ആറുമാസത്തേക്ക് വേണ്ട എല്ലാവിധ മരുന്നുകളും ചികിത്സാ ഉപകരണങ്ങളും കരുതിയതായി കുവൈറ്റ് ആരോഗ്യമന്ത്രാലയവും അറിയിച്ചിരുന്നു. സംഘർഷാവസ്ഥയ്ക്കു മുമ്പ് തന്നെ ആരോഗ്യമന്ത്രാലയത്തിൽ മരുന്നുകൾ സൂക്ഷിച്ചിട്ടുണ്ടായിരുന്നെന്നാണ് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അൽ സബാ അറിയിച്ചത്. യുദ്ധത്തിന് ഏതെങ്കിലും തരത്തില്‍ സാധ്യതയുണ്ടെങ്കില്‍ എല്ലാ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആവശ്യമായ റേഡിയേഷന് സംരക്ഷണ മരുന്നുകള്‍ വിതരണം ചെയ്യുമെന്നും റേഡിയേഷന് സംരക്ഷണ സെക്ടറുകള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.