മുംബൈ: മുംബൈയിൽ നിന്ന് ബറേലിയിലേക്കുള്ള ഇൻഡിഗോ വിമാനം തേനീച്ചക്കൂട്ടം ആക്രമിച്ചതിനെ തുടർന്ന് വൈകി.രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ 6ഇ 5316 വിമാനമാണ് തേനീച്ചകൾ ആക്രമിച്ചത്.വിമാനത്തിന്‍റെ ജനാലയ്ക്ക് പുറത്ത് തേനീച്ചകൾ കൂട്ടംകൂടുന്നതിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.80 ശതമാനം ബോർഡിംഗ് പൂർത്തിയായ ശേഷമാണ് തേനീച്ചകൾ കാർഗോ വാതിലിന് ചുറ്റും തടിച്ചുകൂടിയത്. തേനീച്ചകളെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ഉടൻ തന്നെ ഉദ്യോഗസ്ഥർ ആരംഭിച്ചിരുന്നെന്നും കൃത്യസമയത്ത് ക്രൂ നല്ല പിന്തുണയും യാത്രക്കാർക്ക് ലഘുഭക്ഷണവും നൽകിയെന്നും യാത്രക്കാരൻ പറഞ്ഞു.ക്യാബിൻ ക്രൂ ഉടൻ തന്നെ വിമാനത്തിന്‍റെ വാതിൽ അടച്ചതിനാലാണ് തേനീച്ചകൾ വിമാനത്തിനുള്ളിൽ പ്രവേശിക്കാത്തതെന്ന് യാത്രക്കാരൻ പറഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെ അഗ്നിശമന സേനയെത്തി വെള്ളം കൊണ്ട് തേനീച്ചകളെ തുരത്തിയ ശേഷമാണ് വിമാനം പറന്നുയർന്നത്.