കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത് കേന്ദ്ര സർക്കാർ: തോമസ് ഐസക്

Issac

തിരുവനന്തപുരം: കേരളത്തിന് അർഹമായ ഗ്രാന്റുകൾ പോലും കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. വായ്പകളും ഗ്രാന്റുകളും വെട്ടിക്കുറച്ച് സംസ്ഥാനത്തെ കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു. ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ തോമസ് ഐസകിന്റെ രൂക്ഷവിമർശനങ്ങൾ.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയത് കേന്ദ്ര സര്‍ക്കാർ നിലപാടുകളാണ്. സംസ്ഥാനത്തിന് വർഷാവസാനം വായ്പയായി കിട്ടേണ്ടത് 10,233 കോടി രൂപയാണ്. എന്നാൽ ഇതുവരെ കിട്ടിയത് 1900 കോടി മാത്രമാണ്. 8330 കോടി രൂപയുടെ വായ്പയാണ് വെട്ടിക്കുറച്ചത്. ഇത് സാമ്പത്തിക നില പ്രതിസന്ധിയിലാക്കിയെന്നും ഈ സാഹചര്യത്തിൽ ചിലവുകൾ ക്രമീകരിക്കേണ്ടി വരുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഒരു കാലത്തുമുണ്ടായിട്ടില്ലാത്ത സാമ്പത്തിക ഞെരുക്കത്തിലാണ് സംസ്ഥാനം. ഖജനാവ്, ട്രഷറി നിയന്ത്രണം കൂട്ടേണ്ടി വരുമെന്നും ധനമന്ത്രി അറിയിച്ചു.

നേരത്തെ പ്രളയദുരിതാശ്വാസം നൽകുന്നതിൽ കേരളത്തെ ഒഴിവാക്കിയ കേന്ദ്ര നടപടിക്കെതിരെയും തോമസ് ഐസക് രംഗത്തെത്തിയിരുന്നു. കേരളത്തിന് അര്‍ഹമായ സഹായങ്ങൾ തുടർച്ചയായി നിഷേധിക്കുന്നു എന്നാണ് അദ്ദേഹം ആരോപിച്ചത്.