ന്യൂഡൽഹി: കേരള സർക്കാരിന് ജൂലായ് 23ന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി.മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച അമിത് ഷാ, ഇക്കാര്യത്തിൽ രാഷ്ട്രീയം പാടില്ലെന്നും പറഞ്ഞു. `2014 മുതൽ മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കുന്നതിനായി കേന്ദ്രം 2,000 കോടിയിലധികം രൂപ ചെലവഴിച്ചു. സംഭവം നടക്കുന്നതിന് ഏഴ് ദിവസം മുമ്പ് ജൂലൈ 23ന് കേന്ദ്രം കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് ജൂലൈ 24, 25 തീയതികളിൽ ഞങ്ങൾ അവർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി. ജൂലൈ 26ന് 20 സെന്റീമീറ്ററിൽ കൂടുതൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി- അമിത്ഷാ പറഞ്ഞു.
വയനാട് മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ നിരവധി പേർ മരിച്ച സംഭവത്തിലാണ് അമിത്ഷായുടെ പ്രതികരണം.
ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് എന്‍റെ നിര്‍ദേശപ്രകാരം ജൂലൈ 23ന് മുൻകൂട്ടിയുള്ള മുന്നറിയിപ്പ് സംവിധാനം ഉപയോഗിച്ച് ഒമ്പത് എൻ.ഡി.ആർ.എഫ് ടീമുകളെ കേരളത്തിലേക്ക് അയച്ചു.എന്നിട്ട് കേരള സർക്കാർ എന്താണ് ചെയ്തത്? ആളുകളെ മാറ്റിപ്പാർപ്പിച്ചോ? അവരെ മാറ്റിപ്പാർപ്പിച്ചാൽ അവർ എങ്ങനെ മരിച്ചു?” തുടങ്ങിയ ചോദ്യങ്ങൾ ആഭ്യന്തരമന്ത്രി രാജ്യസഭയിൽ ഉന്നയിച്ചു. വീഴ്ചയ്ക്ക് ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും കേരളത്തിനൊപ്പം നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.