നവജാത ശിശുവിനെ വിറ്റു ; അമ്മയടക്കം മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

0
84

കോയമ്പത്തൂർ: നവജാത ശിശുവിനെ ഒരു ലക്ഷം രൂപയ്ക്ക് സുഹൃത്തിന് വിറ്റ യുവതിയെ കോയമ്പത്തൂർ ജില്ലയിലെ പെരിയനായിക്കെപാളയം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുനിന്ന മറ്റുരണ്ടുപേരെയും പിടികൂടി. സാമിചെട്ടിപാളയത്തിനടുത്തുള്ള ചിന്നക്കണ്ണൻപുത്തൂരിലെ നന്ദിനി (22), കസ്തൂരിപാളയം സത്യനഗറിൽ ദേവിക (42), കോയമ്പത്തൂർ ജില്ലയിലെ ജി ഗൗണ്ടംപാളയത്തിൽ അനിത (40) എന്നിവരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. മൂന്ന് സ്ത്രീകളും അടുത്ത സുഹൃത്തുക്കളാണെന്ന് പോലീസ് പറഞ്ഞു. പെരിയനായ്ക്കൻപാളയത്തിനടുത്തുള്ള ഒരു അപ്പാരൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. നന്ദിനിക്ക് രണ്ട് വയസ്സുള്ള ഒരു മകനുണ്ട്, ആഗസ്റ്റ് 14 നാണ് അവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. കുട്ടികളില്ലാത്ത അവരുടെ സുഹൃത്ത് അനിത പെൺകുഞ്ഞിനെ തനിക്ക് കൈമാറാൻ അവരുടെ പൊതു സുഹൃത്ത് ദേവിക വഴി നന്ദിനിയോട് ആവശ്യപ്പെടുകയായിരുന്നു. ഒരു ലക്ഷം രൂപയ്ക്ക് പെൺകുഞ്ഞിനെ വിൽക്കാൻ നന്ദിനി സമ്മതിക്കുകയായിരുന്നു. ദേവികയുടെ സഹായത്തോടെ ആഗസ്ത് 19നാണ് പെൺകുഞ്ഞിനെ അനിതയ്ക്ക് വിറ്റത്. ചൈൽഡ് ലൈൻ ഓർഗനൈസർ ആഞ്ചല ജോസഫൈന്  തിങ്കളാഴ്ചയാണ് കുട്ടികളെ കടത്തുന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്.