ഐ.ബി.പി.സി ഇന്ത്യ-കുവൈത്ത് ബയർ-സെല്ലർ മീറ്റ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷനൽ കൗൺസിൽ (ഐ.ബി.പി.സി) ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യ-കുവൈത്ത് ബയർ സെല്ലർ മീറ്റ് സംഘടിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട് ഓർഗനൈസേഷൻസിന്‍റെ (എഫ്.ഐ.ഇ.ഒ) സഹകരണത്തോടെയായിരുന്നു പരിപാടി. മീറ്റിൽ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക മുഖ്യാതിഥിയായി. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ കുവൈറ്റിലുള്ള ഫുഡ് & അഗ്രോ രംഗത്തിലുള്ള ബിസിനസുകാരും മറ്റു പ്രൊഫഷനലുകളും പങ്കെടുത്തു. ഇരു രാജ്യങ്ങളിലെയും വാണിജ്യ ബന്ധം വളർത്തുന്നതിൽ ഐ.ബി.പി.സിയുടെ ശ്രമങ്ങളെ അംബാസഡർ പ്രശംസിച്ചു. കൂടാതെ ഇന്ത്യൻ പ്രതിനിധികൾ കുവൈത്തുമായി കൂടുതൽ ശക്തമായ ബന്ധം വളർത്തുന്നതിന് ബിസിനസ് അവസരങ്ങളെ ശ്രദ്ധയോടെ പിന്തുടരാനും പ്രോത്സാഹിപ്പിച്ചു. എഫ്.ഐ.ഇ.ഒയും ഐ.ബി.പി.സിയും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുകയും ചെയ്തു. ചടങ്ങിൽ ഇന്ത്യൻ ഫുഡ് ആൻഡ് അഗ്രോ കമ്പനികളുടെ പ്രതിനിധിത്വവും അവരുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഐ.ബി.പി.സി വൈസ് ചെയർമാൻ കൈസർ ടി. ഷാക്കിർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട് ഓർഗനൈസേഷൻസ് വൈസ് പ്രസിഡന്റായ ഇസ്റാർ അഹമ്മദ്, ജോയന്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ പ്രശാന്ത് സേത്, ജോയന്റ് സെക്രട്ടറി സുരേഷ് കെ.പി, ട്രഷറർ സുനിത് അരോറ എന്നിവർ ച ചടങ്ങിൽ സന്നിഹിതരായി.