തണുത്ത് വിറച്ച് കുവൈറ്റ്: പൊടിക്കാറ്റും രൂക്ഷം

0
17

കുവൈറ്റ്: തണുപ്പ് കാലത്തിന്റെ പിടിയിൽ കുവൈറ്റ്. ജനുവരി ആദ്യവാരം മിതമായ ശീതക്കാലാവസ്ഥയായിരുന്നുവെങ്കിലും അടുത്ത കുറച്ച ദിവസങ്ങളിലായി തണുപ്പ് കനത്തിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലും ശക്തമായ തണുപ്പ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഗൾഫ് മേഖലയിലേക്ക് വീശുന്ന വടക്ക് പടിഞ്ഞാറൻ സൈബീരിയൻ കാറ്റാണ് അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കാൻ ഇടയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ രാത്രികാലങ്ങളിൽ 3 ഡിഗ്രി സെൽഷ്യസ് വരെയായിരുന്നു അന്തരീക്ഷ ഊഷ്മാവ്.

തണുപ്പിനൊപ്പം പൊടിക്കാറ്റും രൂക്ഷമാകുന്നുണ്ട്. കാഴ്ച മറയ്ക്കുന്ന പൊടിക്കാറ്റ് റോഡ് ഗതാഗതത്തെ സാരമായി തന്നെ ബാധിക്കുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മൂടൽ മഞ്ഞും അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ മറ്റു വാഹനങ്ങളിൽ നിന്നും അകലം പാലിക്കണമെന്നാണ് ആഭ്യന്തരമന്ത്രാലയം നൽകിയ നിർദേശം.

സുരക്ഷാ സഹായമോ രക്ഷാപ്രവര്‍ത്തനമോ ആവശ്യമെങ്കില്‍ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും കടല്‍യാത്ര ചെയ്യുന്നവര്‍ 1880888 നമ്പറിൽ അത്യാവശ്യ ഘട്ടത്തിൽ ബന്ധപ്പെടണമെന്നു ആഭ്യന്തരമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.