മനുഷ്യ ഭാവനയ്ക്ക് മനുഷ്യനോളം പഴക്കം – മുഹമ്മദ് ഷമീം

0
46

കുവൈത്ത് സിറ്റി: മനുഷ്യ ഭാവനയ്ക്ക് മനുഷ്യനോളം തന്നെ പഴക്കമുണ്ടെന്ന് പ്രമുഖ എഴുത്തുകാരനും സാംസ്കാരിക വിമർശകനുമായ മുഹമ്മദ് ഷമീം അഭിപ്രായപ്പെട്ടു. ഏറ്റവും പ്രാഥമികമായ മനുഷ്യൻറെ ഉപാധിയായിരുന്നു അവൻറെ ഭാവന. ഭാവനയില്ലാതെ മനുഷ്യൻ ഉണ്ടായിട്ടേയില്ല. പരീക്ഷണ നിരീക്ഷണങ്ങളും സയൻസും ഉണ്ടാകുന്നതിനുമുമ്പ് മനുഷ്യനുണ്ട്. എന്നാൽ, ഭാവന ഇല്ലാതെ, വൈവിധ്യപൂർണ്ണമായ വിനിമയ രീതികളില്ലാതെ മനുഷ്യൻ ഉണ്ടായിട്ടില്ല. കുവൈത്തിലെ സാംസ്കാരിക വേദിയായ അയനം ഓപ്പൺ ഫോറം ഒരു ഇടവേളയ്ക്കുശേഷം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നടത്തിയ “ദൃശ്യാവിഷ്‌കാരം , കാലം , ദേശം, സമകാലികം “എന്ന വിഷയത്തെ ആസ്‌പദമാക്കി അബ്ബാസിയ കാലിക്കറ്റ് ഷെഫ് റെസ്റ്റോറന്റിൽ നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഴ്ചയുടെയും വായനയുടെയും വിവിധ തലങ്ങളെ സൗന്ദര്യാനുഭൂതിയിലേക്ക് ഉയർത്തുന്നതിനെ കുറിച്ചായിരുന്നു പ്രഭാഷണം. കാഴ്ചക്കാരന്റെ, വായനക്കാരന്റെ താല്പര്യത്തിനനുസരിച്ച് ഏത് അളവിലുള്ള ആസ്വാദനവും സാധ്യമാണ്. സന്തോഷിക്കാൻ വേണ്ടി സംഗീതം കേൾക്കാം. സന്തോഷിക്കാൻ വേണ്ടി മാത്രം വായിക്കാം. സന്തോഷിക്കാൻ വേണ്ടി മാത്രം സിനിമ കാണാം. എന്നാൽ ആഴത്തിലുള്ള മറ്റൊരു വായനയും സാധ്യമാണ്. ആഴങ്ങളിലേക്ക് പോകുന്നതിനനുസരിച്ച് അത് കൂടുതൽ പ്രയോജനം ചെയ്യും ആസ്വാദനത്തിന്റെ അനുഭവത്തിന്റെ വ്യത്യസ്ത തലങ്ങൾ അനുഭവിക്കാനാവും, അദ്ദേഹം പറഞ്ഞു. സത്താർ കുന്നിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുജീബുല്ല കെ. വി. മുഹമ്മദ് ഷമീമിന്റെ കൃതികളെ പരിചയപ്പെടുത്തി സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ മനോജ് കാപ്പാട് , സലാം കളനാട്, സാലിഹ്, അൻവർ സഈദ്, ഫിറോസ് , ,ബഷീർ ബാത്ത ,ഷഫീഖ് , ഷെറിൻ മാത്യു , ഓമനക്കുട്ടൻ, ബിജു കടവി, മുബാറക് കമ്പ്രത് , വിഷ്ണു, ഷാജി രഘുവരൻ തുടങ്ങിയവർ സംസാരിച്ചു . അതിഥിക്കുള്ള അയനം ഓപ്പൺ ഫോറത്തിന്റെ ഉപഹാരം ബാലകൃഷ്ണൻ ഉദുമ കൈമാറി. ദിലിൻ, ഹസൻ സമാൻ , ഹമീദ് മധൂർ , തുടങ്ങിയവർ പരിപാടിക്ക് നേത്വത്വം നൽകി. ശരീഫ് താമരശ്ശേരി സ്വാഗതവും മണിക്കുട്ടൻ നന്ദി പറഞ്ഞു.