കുവൈത്ത് സിറ്റി: പുതിയ മെറ്റേണിറ്റി ഹോസ്പിറ്റൽ “വരും ആഴ്ചകളിൽ” തുറക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ-അവധി ചൊവ്വാഴ്ച പറഞ്ഞു. റേഡിയോളജി, മെഡിക്കൽ ലബോറട്ടറി വിഭാഗങ്ങൾക്കൊപ്പം ഔട്ട്‌പേഷ്യൻ്റ് ക്ലിനിക്കുകൾ ഇതിനകം പൂർണതോതിൽ പ്രവർത്തനക്ഷമമായതായി അദ്ദേഹം വെളിപ്പെടുത്തി. 65,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, കുവൈത്ത് തീരത്ത് അൽ-സബാഹ് മെഡിക്കൽ സോണിലാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്. സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും പ്രസവസമയത്ത് പരിചരണം നൽകുന്നതിനുമുള്ള ഏറ്റവും പുതിയ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 789 കിടക്കകൾ, 59 ഡെലിവറി റൂമുകൾ, 28 ഓപ്പറേഷൻ റൂമുകൾ എന്നിവ ഉൾക്കൊള്ളുന്ന ഏറ്റവും പുതിയ മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും കൊണ്ടാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.