പൗരത്വ നിയമ ഭേദഗതി നടപ്പാക്കും;പിന്നോട്ടില്ലെന്ന് അമിത് ഷാ

0
22
amit shah

ലക്നൗ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവർത്തിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകുന്ന പ്രശ്നം ഉദിക്കുന്നില്ല.. ഇതിനെതിരെ പ്രതിഷേധിക്കുന്നവർക്ക് അത് തുടരാമെന്നാണ് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയത്.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ മുഖം മൂടി കൊണ്ട് പ്രതിപക്ഷത്തിന്റെ കണ്ണു മൂടപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് അവർക്ക് യാഥാർഥ്യം തിരിച്ചറിയാതെ പോകുന്നതെന്ന വിമര്‍ശനവും ഷാ ഉന്നയിച്ചു. പുതിയ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി ലക്നൗവിൽ സംഘടിപ്പിച്ച റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആഭ്യന്തര മന്ത്രി ഉറച്ചു വ്യക്തമാക്കിയത്.

ചില പ്രത്യേക വിഭാഗങ്ങൾക്കെതിരെ വിവേചനം ഉയര്‍ത്തുന്ന CAA നടപ്പാക്കുന്നതിനെതിരെ രാജ്യമെങ്ങും ഇപ്പോഴും പ്രതിഷേധം തുടരുന്ന സാഹചര്യത്തിലും കേന്ദ്രം ഇതിന്റെ നടപടികളുമായി മുന്നോട്ട് പോവുകയാണ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ ഇതിനെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ദേശീയ പൗരത്വ പട്ടിക കേരളത്തിൽ നടപ്പിലാക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലും തീരുമാനമായിരുന്നു. കൂടുതൽ സംസ്ഥാനങ്ങളും ഇതിനെതിരെ രംഗത്തു വരാൻ തുടങ്ങിയ സാഹചര്യത്തിൽ കൂടിയാണ് പിന്നോട്ടില്ലെന്ന് അമിത് ഷാ അറിയിച്ചിരിക്കുന്നത്.