കുവൈത്ത് സിറ്റി: സാമ്പത്തിക പാരിതോഷികത്തിന് പകരമായി മെഡിക്കൽ ലീവ് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ വ്യാജമായി ചമച്ചതിന് നാലംഗ ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ സേവനങ്ങളുടെ സൂക്ഷ്മമായ നിരീക്ഷണത്തിനും പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിനും ശേഷമാണ് അറസ്റ്റുകൾ നടന്നതെന്ന് മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പത്രക്കുറിപ്പിൽ പറയുന്നു. പിടിച്ചെടുത്തവയിൽ രേഖകൾ വ്യാജമാക്കുന്നതിനുള്ള സീലുകളും ഉപകരണങ്ങളും സൈക്കോട്രോപിക് ആണെന്ന് തോന്നുന്ന വസ്തുക്കളും ഉൾപ്പെടുന്നു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിൻ്റെ മുന്നോടിയായി പ്രതികളെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.