തിരുവനന്തപുരം/കോഴിക്കോട്: നേപ്പാളിലെ റിസോർട്ടിലെ വിഷവാതകം ശ്വസിച്ച് മരിച്ച് എട്ട് മലയാളികളുടെയും മൃതേദഹങ്ങൾ സംസ്കരിച്ചു. തിരുവനന്തപുരം സ്വദേശി പ്രവീൺ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ അർദ്ധ രാത്രിയോടെയാണ് നാട്ടിലെത്തിച്ചത്. രാത്രി 12.15ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
തുടര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെ പൂർണമായും സർക്കാൾ പ്രോട്ടോക്കോൾ അനുസരിച്ച് അഞ്ച് ആംബുലന്‍സുകളിലായി വിലാപയാത്ര എന്ന പോലെ മൃതദേഹങ്ങൾ പ്രവീണിന്റെ ചെങ്കോട്ട്കോണത്തെ വീട്ടിലെത്തിച്ചു. നൂറുകണക്കിന് ആളുകളാണ് മൂന്നു കുരുന്നുകൾ ഉൾപ്പെടെ മരണം കവർന്നെടുത്ത അഞ്ച് പേർക്ക് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. തുടർന്ന് വീട്ട് വളപ്പിൽ തന്നെ സംസ്കാര ചടങ്ങുകളും നടന്നു. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ ഒരു കുഴിമാടത്തിലാണ് സംസ്കരിച്ചത്. കുഞ്ഞുങ്ങളുടെ കുഴിമാടങ്ങൾക്കിരുവശവുമായി മാതാപിതാക്കൾക്കും ചിതയൊരുങ്ങി. ശരണ്യയുടെ സഹോദരിയുടെ മകനായ മൂന്നു വയസുകാരനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
ദുരന്തത്തില്‍ മരിച്ച കോഴിക്കോട് സ്വദേശികളായ രഞ്ജിത്ത്, ഭാര്യ ഇന്ദുലക്ഷ്മി, മകൻ രണ്ട് വയസുകാരൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങൾ ഉച്ചയോടെയാണ് കോഴിക്കോടെത്തിച്ചത്. ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ ഉൾപ്പെടെയുള്ളവർ മൃതദേഹം സ്വീകരിക്കാൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയിരുന്നു. തുടർന്ന് ഇന്ദുവിന്‍റെ മൊകവൂരിലെ വീട്ടിലും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലും പൊതുദര്‍ശനത്തിന് ശേഷം രഞ്ജിത് കുമാറിന്റെ കുന്നമംഗലത്തെ വീട്ടു വളപ്പിൽ സംസ്കാരം നടത്തി. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഇവരുടെ മൂത്ത മകൻ എട്ട് വയസുകാരനായ മാധവാണ് മാതപിതാക്കൾക്കും കുഞ്ഞനിയനും വേണ്ടിയുള്ള അന്ത്യ കർമ്മങ്ങൾ നടത്തിയത്.