തൃശൂർ ലോറി അപകടത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു

0
48

തൃശൂർ: തൃശൂർ നാട്ടികയിൽ ചൊവ്വാഴ്ച അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടു. കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളും ഒരു സ്ത്രീയും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്ന നാടോടി സംഘത്തിലെ രണ്ട് പുരുഷന്മാരും ഉൾപ്പെടുന്നു. നിർമാണത്തിലിരിക്കുന്ന ദേശീയപാതയിൽ കിടന്നുറങ്ങുകയായിരുന്നവർക്കിടയിലേക്ക് തടി കയറ്റിവന്ന ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. ഇവരുടെ സംഘത്തിലെ മറ്റ് ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിന് തൊട്ടുപിന്നാലെ ട്രക്ക് ഡ്രൈവർ അലക്‌സ്, ക്ലീനർ ജോസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി. ഇരുവരും മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്ത ക്ലീനറാണ് വണ്ടിയോടിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിന് കാരണമായതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.