കുവൈത്ത് സിറ്റി: പൗരന്മാർക്കും പ്രവാസികൾക്കും വേണ്ടിയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഫ്ലൈറ്റ് ശൃംഖല വിപുലീകരിക്കാൻ ഒരുങ്ങി കുവൈറ്റ് എയർവേയ്‌സ് കോർപ്പറേഷൻ. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിക്കുന്നതിനും ഫ്ലൈറ്റ് ഫ്രീക്വൻസികൾ വർദ്ധിപ്പിക്കുന്നതിനുമുള്ള എയർലൈനിൻ്റെ പദ്ധതികൾ ഡയറക്ടർ ബോർഡ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൾ മൊഹ്‌സെൻ അൽ-ഫഖാനാണ് വെളിപ്പെടുത്തിയത്. ബെയ്റൂട്ട് , ലണ്ടൻ , പാരീസ് , റോം , മിലാൻ , ജനീവ , ചൈന , തായ്‌ലൻഡ് , അമേരിക്ക , തുർക്കി തുടങ്ങിയ ജനപ്രിയ നഗരങ്ങളിലേക്ക് യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി വർഷം മുഴുവനും ഫ്ലൈറ്റ് ഫ്രീക്വൻസികൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുകയാണ് എയർവേസ്. വർദ്ധിച്ചുവരുന്ന ഉപഭോക്തൃ താൽപ്പര്യത്തിന് അനുസൃതമായി ബാഴ്‌സലോണയിലേക്കുള്ള വിമാനങ്ങളുടെ സർവിസ് വർധിപ്പിക്കുന്നതും എയർലൈനിന്‍റെ പരിഗണനയിലുണ്ട്. നിലവിൽ ആഴ്ചയിൽ മൂന്ന് ഫ്ലൈറ്റുകളാണ് ഉള്ളത്. ഇത് ആഴ്ചയിൽ നാലോ അഞ്ചോ ഫ്ലൈറ്റുകളായി ഉയർത്താനാണ് എയർലൈൻ പദ്ധതിയിടുന്നത്. കുവൈറ്റ് എയർവേയ്‌സും ലെബനനിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നുണ്ട് . ഈ പുതിയ റൂട്ടുകളിലൂടെ, കുവൈറ്റിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പൗരന്മാർക്കും പ്രവാസികൾക്കും മികച്ച സേവനം നൽകാനാണ് കുവൈറ്റ് എയർവേയ്‌സ് ലക്ഷ്യമിടുന്നത്.